
കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പല പരാമര്‍ശങ്ങളും ഞെട്ടിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മലയാള സിനിമ ഏറ്റവും മനുഷ്യത്വരഹിതമായാണ് പരിഗണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കടുത്ത നുഷ്യാവകാശ തൊഴില്ലംഘനങ്ങളുടെ ഈറ്റില്ലമാണ് മലയാള സിനിമയിലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍…
സ്ത്രീയും പുരുഷനും ഉള്‍പ്പെടെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൾ മലയാള സിനിമയുടെ ഭാഗമായി ജോലിചെയ്യുന്നു. എന്നാല്‍ ‘അമ്മ’ ഇവരെ അഭിനേതാക്കളായി പരിഗണിക്കാറില്ല. അതിനാല്‍തന്നെ ഇവര്‍ സംഘടനയുടെ ഭാഗവുമല്ല. ടെക്നീഷ്യന്മാരായി പരിഗണിക്കാത്തതിനാല്‍ ഇവര്‍ക്ക് ഫെഫ്കയിലും അംഗത്വമില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരില്ലാതെ സിനിമ ചെയ്യാനാകില്ല പക്ഷേ ഇവരെ സിനിമയുടെ ഭാഗമായി പരിഗണിക്കാറുമില്ല. കോഡിനേറ്റര്‍മാരും ഏജന്റുമാരും മുഖേന പ്രൊഡക്ഷന്‍ യൂണിന്റെ ഭാഗമായാണ് ഇവര്‍ സിനിമയില്‍ എത്തുന്നത്.
ഹേമ കമ്മിറ്റിയ്ക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ നേരിട്ടുകാണുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏജന്റ് നല്കിയ ലിസ്റ്റ് അനുസരിച്ചുള്ള നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാകട്ടെ പലര്‍ക്കും വാട്സാപ്പ് നമ്പറോ മെയില്‍ ഐഡിയോ ഇല്ല. പലരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് എന്നതും കൊച്ചിയില്‍ വന്ന് ഹേമ കമ്മിറ്റിയ്ക്ക് മുന്നില്‍ മൊഴി നല്കുന്നതില് വെല്ലുവിളിയായി. മൊഴിനല്‍കാന്‍ മുന്നോട്ടുവന്നവര്‍ പോലും ഭയന്ന് പിന്മാറി, ജോലി നഷ്ടപ്പെടുമോയെന്ന ഭയം മൂലമാണ് പലരും പിന്മാറിയത്. ഒടുവില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഹേമ കമ്മീഷനുമുന്നില്‍ ഹാജരായി തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു.
അടിമകളെക്കാന്‍ മോശമായ രീതിയിലാണ് മലയാള സിനിമ ജൂനിയർ ആര്‍ട്ടിസ്റ്റുകളെ പരിഗണിക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അവശ്യകാരങ്ങള്‍ പോലും പരിഗണിക്കപ്പെടാതെ അവര്‍ സെറ്റുകളില്‍ തീര്‍ത്തും അവഗണിക്കപ്പെടുന്നു. രാവിലെ ഏഴ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ 19 മണിക്കൂറോളം പല സെറ്റുകളിലും അവർക്ക് ജോലി ചെയ്യേണ്ടിവരുന്നു. പക്ഷേ ടോയ്ലറ്റ് സൗകര്യം ഉള്‍പ്പെടെ പല സെറ്റുകളിലും ഒരുക്കുന്നില്ല. തുറസായ സ്ഥലത്ത് നട്ടപ്പൊരി വെയിലത്ത് മണിക്കൂറുകളോളം നിന്ന് ജോലിചെയ്ത സാഹചര്യം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് കത്തുന്ന സൂര്യന് താഴെ ഇങ്ങനെ മണിക്കൂറുകളോളം നില്‍ക്കേണ്ടിവന്നത്. എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അല്ലാത്ത പലരും ഇതേ സ്ഥലത്ത് കുടയും ചൂടിയാണ് നിന്നത്.
ചില സെറ്റുകളില്‍ ഇത്തരം കലാകാരന്മാർക്ക് ഭക്ഷണം നല്‍കാറുണ്ട്. എന്നാല്‍ പൊതുവേ ഒരു സെറ്റിലും വെള്ളം നല്‍കാറില്ല. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പലപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൾ സെറ്റില്‍ നേരിടേണ്ടിവരുന്നത്. 100 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍വേണ്ട സെറ്റില്‍ പോലും ആയിരത്തോളം പേരാണ് എത്തുന്നത്. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുറച്ചുപേര്‍ക്ക് മാത്രമേ ഭക്ഷണത്തിന്റെ കൂപ്പണ്‍ ലഭിക്കൂ. ബാക്കിയുള്ളവരെ ആവശ്യമില്ലെങ്കില്‍ പോലും തിരികെ പറഞ്ഞയക്കില്ല. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാറുമില്ല. ചില സെറ്റുകളില്‍ ഷൂട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്ക് ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള സൗകര്യമില്ല.
ഹൃദയസംബന്ധമായ അസുഖത്തിന് മരുന്നുകഴിക്കുന്ന ഒരു വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പൊരിവെയിലത്ത് നിന്ന് തളര്‍ന്നതിനെ തുടര്‍ന്ന് ഇരിക്കാന്‍ ഒരു കസേര ചോദിച്ചു. പിന്നീട് അവരെ ഷൂട്ടിങ്ങിനായി വിളിച്ചില്ല. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ പിന്നീടവരെ ഷൂട്ടിങ്ങിന് വിളിക്കില്ല. അതിനാൽ തൊഴില്‍ നഷ്ടം ഭയന്ന് പലരും എല്ലാം സഹിക്കുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ, വിവാഹമോചനം നേടിയവരോ ആയ സ്ത്രീകള്‍ മറ്റു ജോലികള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സിനിമയില്‍ തൊഴില്‍ തേടി വരുന്നത്. ഈ ഒരൊറ്റ വരുമാനം കൊണ്ടാണ് പലരുടെയും കുടുംബം പുലരുന്നത് പോലും.
ഷൂട്ടിങ്ങ് അവസാനിച്ചാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്ക് ശമ്പളം നല്‍കില്ല. പ്രൊഡ്യൂസറുടെയോ കോ ഓഡിനേറ്ററുടെയോ പിറകെ നടന്നു യാചിച്ചാല് പോലും പലര്‍ക്കും വേതനം ലഭിക്കില്ല. 1800 മുതല്‍ 5000 രൂപവരെയാണ് പല സെറ്റുകളിലെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്ക് നല്കുന്ന ദിവസ ശമ്പളം. എന്നാല്‍ ഇടനിലക്കാരനും കോ ഓഡിനേറ്ററും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൾക്ക് നല്‍കുന്നത് വെറും 450 – 500 രൂപയാണ്. ബാക്കി പണം ഇടനിലക്കാരുടെ പോക്കറ്റില്‍ ഇരിക്കും. ഭക്ഷണം വെള്ളം, യാത്രാച്ചിലവ്, താമസം തുടങ്ങിയ ഒന്നും ഇവർക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ പലരുടെയും പോക്കറ്റ് കാലിയായിരിക്കും.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായി അവസം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ഈ മേഖലയില്‍ വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]