
മലയാള സിനിമാ ലോകത്തെ വെളിച്ചത്തിനപ്പുറമുള്ള ജീര്‍ണിച്ച പുഴുക്കുത്തുകളെ തുറന്നുകാണിക്കുന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇത്രയും കാലം റിപ്പോര്‍ട്ട് വൈകിട്ടതെന്തിനാണ് എന്ന ചോദ്യത്തിനുമപ്പുറം റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന കാതലായ വിഷയങ്ങളില്‍ അന്വേഷണമുണ്ടാകുമോയെന്നാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസിന് പിന്നാലെ മലയാള സിനിമയില്‍ പലതും ചീഞ്ഞുനാറുന്നുണ്ടെന്ന മലയാളികളുടെ സംശയങ്ങള്‍ സാധൂകരിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
The sky is full of mysterise; with twinkling stars and the beautiful moon. But, scientific investigation revealed that stars do not twinkle nor does the moon look beautiful. the study therefore, cautions: ‘ Do not trust what you see, even salt look like sugar;!
മലയാള സിനിമ ലോകത്തെ ഉലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖത്തിലെ വാചകമാണിത്. ഈ വാചകങ്ങളിലുണ്ട് എല്ലാം. ആരാധിച്ചിരുന്ന വിഗ്രങ്ങളൊന്നും അങ്ങനെയല്ലാത്തവയാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍. ഇത്രത്തോളം മോശമായിരുന്നോ മലയാള സിനിമയില്‍ നിലനിന്നിരുന്ന വിവേചനങ്ങള്‍. മലയാള സിനിമയിലെ വനിതാ കൂട്ടായ്മ, ഡബ്ലിയുസിസിയുടെ പോരാട്ടങ്ങളാണ് ഹേമകമ്മിറ്റിയുടെ പിറവിക്ക് പിന്നില്‍. 2017 ല്‍ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടര്‍ന്ന് രൂപംകൊണ്ട വിമന്‍സ് ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ള്യു. സി.സി) എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്.
ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് വിഷയം പഠിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമൊക്കെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ ഫോണ്‍നമ്പര്‍ ശേഖരിച്ച കമ്മിറ്റി ഇവരെയെല്ലാം ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ വിഷയം ചര്‍ച്ചചെയ്യാനായി ഗ്രൂപ്പില്‍ സന്ദേശമിട്ടതിന് പിന്നാലെ ഒന്നൊഴിയാതെ എല്ലാവരും ഗ്രൂപ്പില്‍ നിന്ന് ‘ലെഫ്റ്റ് ‘ അടിച്ചത് കമ്മിറ്റിയെ ഞെട്ടിച്ചു. തങ്ങളുമായി ഒരകാര്യവും സംസാരിക്കേണ്ടതില്ലെന്ന് അസോസിയേഷനുകള്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കാര്യം വ്യക്തം, ആരെയൊക്കെയോ സംരക്ഷിക്കാന്‍ സിനിമയിലെ ഉന്നതര്‍ മുതല്‍ ശ്രമിക്കുന്നുണ്ട്.
പിന്നീട് മൊഴികള്‍ രേഖപ്പെടുത്താനും റിപ്പോര്ട്ടിലുള്പ്പെടുത്താനും വളരെയധികം പ്രയത്നം കമ്മിറ്റിക്ക് നടത്തേണ്ടി വന്നു. 2017 നവംബര്‍ 16 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്മിറ്റി മലയാള ചലച്ചിത്ര മേഖലയിലെ ഒന്നിലധികം വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, നേടിയ വേതനം, ജോലിയില്‍ നിന്ന് കരിമ്പട്ടികയില്‍ പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകള്‍, ഓഡിയോ, വീഡിയോ തെളിവുകള്‍ എന്നിവ സഹിതം 2019 ഡിസംബറില്‍ 300 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ഇതില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴികെയുള്ളവയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയോ?
2019 ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടതാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട്. എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടി വന്നു അതു പുറംലോകം കാണാന്‍. നാലര വര്‍ഷം ഒരു സുപ്രധാനമായ റിപ്പോര്ട്ടിന്മേല് അടയിരുന്ന സര്‍ക്കാര്‍ ഒടുവില്‍ അത് പുറത്തുവിടാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് സിപിഎം വാദിക്കുമ്പോഴും അത് പുറത്തുവിടാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഇത്രയും നാള് നീണ്ട കാലതാമസം. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
സിനിമയില്‍ അവസരം നല്കുന്നതിനു പകരം ശരീരം ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാര്‍ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റയ്ക്ക് ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ ഭയമാണെന്ന് ചില നടിമാര്‍ മൊഴി നല്കി. പുരുഷന്മാര് രാത്രി മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവാണ്. വാതില്‍ തകര്‍ത്ത് ഇവര്‍ അകത്തുകടക്കുമോയെന്ന ഭയത്തിലാണ് കിടക്കുന്നതെന്നുമാണ് പലരുടെയും മൊഴികള്‍. സിനിമയില്‍ അവസരം ലഭിക്കാന്‍ ‘അഡ്ജസ്റ്റ്മെന്റും വിട്ടുവീഴ്ചയും’ ചെയ്യണമെന്ന പ്രയോഗം സിനിമയില്‍ സാധാരണമാണ്. സ്ത്രീക്ക് താല്പര്യമില്ലെങ്കില് പോലും നിര്‍ബന്ധം തുടരും. സിനിമയില്‍നിന്ന് പുറത്താകുമെന്ന ഭീതിക്കൊപ്പം സ്വജീവനും വേണ്ടപ്പെട്ടവരുടെ ജീവനും ഭീഷണിയുണ്ടെന്നതിനാലാണ് പോലീസില്‍ പരാതി നല്കാന് മുതിരാതിരുന്നത്.
സിനിമയ്ക്കു പുറമേയുള്ള തിളക്കം മാത്രമാണ്. മലയാള സിനിമയെ മാഫിയയാണ് നിയന്ത്രിക്കുന്നത്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകരും നിര്‍മാതാക്കളുമാണ്. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കും. സഹകരിക്കാന്‍ തയാറാകാത്തവരെയും പ്രശ്നങ്ങള്‍ തുറന്നുപറയുന്നവരെയും പ്രശ്നക്കാരെന്ന് മുദ്രകുത്തി സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തുകയും വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
എന്നിട്ട് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് സാസ്കാരിക വകുപ്പ് പരിശോധിക്കാതിരുന്നുവെന്ന് പറഞ്ഞാല്‍ അതെങ്ങനെ വിശ്വസനീയമായി തോന്നും. നിയമനടപടി ക്ഷണിച്ചുവരുത്താന്‍ പോന്ന ശക്തമായ തെളിവുകളടക്കമാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. അതിലെ മൊഴികള്‍ പല ഉന്നത നടന്മാര്ക്കും സിനമിയിലെ ചില ഉന്നതര്‍ക്കുമെതിരെ തെളിവുകളായി മാറും. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ തന്നെ സൂചിപ്പിക്കുന്നതുപോലെ മലയാള സിനിമയ്ക്ക് പുറമെ കാണുന്ന തിളക്കം ഉള്ളിലില്ലായെന്ന് വ്യക്തം. സിനിമയിലെ ഉന്നതര്‍ക്കെതിരെ സംസാരിക്കാന്‍ ഭയക്കുന്ന പുരുഷന്മാരുമുണ്ടെന്നതാണ് യാഥാര്‍ഥ്യം.
മലയാള സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം 30 വിഭാഗങ്ങളിലുള്ളവരില്‍ നിന്നാണ് കമ്മിറ്റി മൊഴിയില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ അടിമുടി വിമര്‍ശനമാണുള്ളത്. ഇഷ്ടമില്ലാത്തവര്‍ എത്ര ജനപ്രിയനാണെങ്കിലും സംഘം ചേര്‍ന്ന് ഒതുക്കുന്നതുമുതല് പുതുമുഖ നടികളെ അവസരങ്ങള്‍ക്ക് വേണ്ടി ലൈംഗിക ചൂഷണത്തിനിരയാക്കുന്നതുള്പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിലൂടെ അക്ഷന്തവ്യമായ അപരാധമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഇരുതല മൂര്‍ച്ചയുള്ള വിഷയമായതിനാല്‍ അവധാനതയോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്തതെന്നാണ് മുന്‍ മന്ത്രി എ.കെ ബാലന് പ്രതികരിച്ചത്. ആ വാളിന്റെ മുര്‍ച്ച ഏല്ക്കുന്നവര് സര്ക്കാരിലുണ്ടോയെന്ന സംശയം ജനിപ്പിക്കാന്‍ ഈ പ്രസ്താവന തന്നെ ധാരാളം. മൊഴികള്‍ വെളിപ്പെടുത്തില്ലെന്നും മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നുമുള്ള ഉറപ്പിലാണ് കമ്മിറ്റി അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അന്നത്തെ സാംസ്കാരിക മന്ത്രികൂടി ആയിരുന്ന ബാലന് ആവര്‍ത്തിക്കുന്നുമുണ്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ഇടപെടലുകളുണ്ടായി എന്നും ബാലന് പറഞ്ഞുവെക്കുന്നു.
സര്‍ക്കാരിനെ പോലും സ്വാധീനിക്കാന്‍ തക്ക ശേഷിയുള്ള ഉന്നതരാണ് മറുവശത്തുള്ളത് എന്നതിന് ഇതില്കൂടുതല് എന്ത് തെളിവാണ് ഇനി വേണ്ടത്. കോവിഡും പ്രളയുമൊക്കെ മാറ്റിവെച്ചാലും റിപ്പോര്‍ട്ട് സ്വകാര്യതയെ ബാധിക്കാത്ത തരത്തില്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു. നിര്‍ണായകമായൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാമായിരുന്ന അവസരമാണ് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചത്.
തിരക്കഥയില്ലാതെ അഭിനയിക്കുന്നതാരൊക്കെ, റിപ്പോര്‍ട്ടിന് ശേഷമെന്ത്?
കൊടിയ ചൂഷണത്തിന്റെ കഥകള്‍ പറയുന്ന ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മലയാള സിനിമയെ അടക്കി വാഴുന്ന തമ്പ്രാക്കള്‍ ആരൊക്കെ എന്ന ചോദ്യമാണ് ഉയരുന്നത്. ഡബ്ല്യുസിസിയുടെ രൂപീകരണത്തിന് തന്നെ വഴിവെച്ച ഒരുകലാകാരി മറുകണ്ടംചാടി സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 അംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അധോലോക സംഘങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ആ പതിനഞ്ചംഗ മാഫിയ സംഘം ആരാണ്? ഡബ്ല്യുസിസിയെ വഞ്ചിച്ച് സിനിമയില്‍ അവസരങ്ങള്‍ നേടിയെടുത്ത കലാകാരി ആരെന്ന ചോദ്യവും ഉയരുന്നു.
പെണ്‍കുട്ടികള്‍ അടക്കം മലയാള സിനിമയില്‍ ചൂഷണത്തിനിരയാകുന്നു എന്ന വെളിപ്പെടുത്തല്‍ ഗൗരസ്വഭാവമുള്ളതാണ്. പോക്സോ കേസ് അടക്കം രജിസ്റ്റര്‍ ചെയ്യാവുന്ന മൊഴികളാണ് ഹേമകമ്മറ്റിക്ക് മുമ്പിലുളളത്. പതിനഞ്ചോളം വരുന്ന പവര്‍ഗ്രൂപ്പാണ് സിനിയിലെ ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടിലുണ്ട്. ആ തമ്പ്രാക്കള്‍ ആരാക്കെയെന്ന് കേരളം അറിയേണ്ടതുണ്ട്. മലയാള സിനിമയിലെ കരുത്തനായ നടനെ സിനിമയില്‍ നിന്ന് പുറത്താക്കിയതും ഇതേ ഗ്രൂപ്പ് തന്നെയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആ നടന് ഒടുവില്‍ സീരിയല്‍ രംഗത്ത് എത്തിയപ്പോള്‍ അവിടെ നിന്നും പുറത്താക്കാന്‍ ഇടപെട്ട ആത്മ നേതാവ് കൂടിയായ നടന് ആരെന്നും വെളിപ്പെടേണ്ടതുണ്ട്.
ഏറെ ആരാധിച്ചിരുന്ന താരത്തില്‍ നിന്ന് ലൈംഗിക ചൂഷണമുണ്ടായപ്പോള് തകര്‍ന്നു പോയി എന്ന് റിപ്പോര്‍ട്ടിലെ മൊഴിയിലുണ്ട്. ആ താരപ്രഖമുഖന് ആരാണ്. ഇങ്ങനെ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന നിരവധി വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കെ. മുരളീധരന് സൂചിപ്പിച്ചതുപോലെ ഇരകളുടെ സ്വകാര്യതയെ ബാധിക്കാതെ തന്നെ ഇവരെയൊക്കെ തുറന്നുകാണിക്കേണ്ടതല്ലെയെന്ന ചോദ്യം മാത്രം ബാക്കി. ലൈംഗിക ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തിയാല്‍ ജീവന് തന്നെ അപകടത്തിലാകുമെനനാണ് ചില സാക്ഷികളുടെ മൊഴികള്‍.
റിപ്പോര്‍ട്ടിന്റെ സ്വകാര്യതസൂക്ഷിക്കാന് കമ്മിറ്റി അംഗങ്ങള്ത്തന്നെയാണ് ടൈപ്പ് ചെയ്തത്. സിനിമാരംഗത്തെ പ്രമുഖര്‍ വിശ്വസിച്ചുനല്കുന്ന വിവരം ഒരുകാരണവശാലും ചോര്ന്നുപോകരുതെന്നുള്ളതുകൊണ്ടാണ് ടൈപ്പിങ് സ്വയം പഠിച്ച് അംഗങ്ങള്‍ മൊഴികള്‍ രേഖപ്പെടുത്തിയത്. കേട്ടുകേള്വികളല്ല, നേരിട്ടുള്ള തെളിവുകള്‍ മാത്രമാണ് സമിതി പഠനവിധേയമാക്കിയത്. ഒടുവില്‍ അറിഞ്ഞതൊക്കെയും മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അടിമുടി അധോലോകത്തിന്റെ കൈപ്പിടിയിലാണ് മലയാള സിനിമ എന്ന് ഹേമകമ്മറ്റിയുടെ സാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]