

“അവർ കൂട്ടുകാരാ, പക്ഷേ പലിശ കാര്യം വന്നപ്പോൾ ബന്ധം മറന്നു, മാറി താമസിച്ചിട്ടും വിട്ടില്ല; കൊള്ളപ്പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലിരിക്കേ മരിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർ മനോജിന്റെ കുടുംബം
പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കൊള്ളപ്പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലിരിക്കേ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചതിൽ ഗുരുതര ആരോപണവുമായി കുടുംബം.
മനോജിനെ കൊള്ളപ്പലിശക്കാർ നിരവധി തവണ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നു. കുറ്റക്കാരെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മനോജിനെ മർദ്ദിച്ചത് അടുത്ത സുഹൃത്തുക്കളാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
മ൪ദിച്ചവരുടെ പേര് എടുത്തു പറഞ്ഞാണ് കുടുംബത്തിൻറെ ആരോപണം. മരിച്ച മനോജും പലിശകൊടുത്തവരും സുഹൃത്തുക്കളായിരുന്നുവെന്ന് സഹോദരീ ഭ൪ത്താവ് റജീഷ് പറഞ്ഞു.
പക്ഷെ പലിശയ്ക്ക് മുന്നിൽ സുഹൃത്ത് ബന്ധം മാറി നിന്നു. കൊടുത്ത തുകയ്ക്ക് ഇരട്ടിപ്പണം ചോദിച്ചായിരുന്നു സംഘത്തിൻറെ ഭീഷണി.
അത് കൊടുത്തിട്ടും ഭീഷണി തുട൪ന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കൊള്ളപ്പലിശ ചോദിച്ച് ഭീഷണി തുടർന്നതോടെ സഹികെട്ട് മൂന്നു വ൪ഷം സ്വന്തം വീട്ടിൽ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മനോജ് മാറി താമസിച്ചു. അവിടെയും സംഘം ഭീഷണിയുമായെത്തിയിരുന്നു.
ജോലി ചെയ്യുന്ന ബസിലും ഡിപ്പോയിലുമെത്തി പലതവണ ഇവർ മനോജിനെ മ൪ദിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.
ഇക്കഴിഞ്ഞ ഒമ്പതിനാണ് മർദ്ദനമേറ്റ് അവശനിലയിൽ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം 18 ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മനോജ് മരിച്ചത്.
മനോജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും തലയ്ക്ക് മ൪ദനമേറ്റെന്നുമുള്ള ബന്ധുക്കളുടെ സംശയത്തിൽ പോസ്റ്റ്മോ൪ട്ടവും നടത്തി. പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോ൪ട്ടിൽ തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്ന് പൊലീസും പറയുന്നു.
വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൃത്യമായ നിഗമനത്തിലെത്താൻ കഴിയുവെന്നും കേസന്വേഷിക്കുന്ന പുതുനഗരം പൊലീസും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]