
മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും ഹേമാ കമ്മിറ്റി അംഗവുമായ ശാരദ. കാസ്റ്റിങ് കൗച്ച് മുൻപും നിലനിന്നിരുന്നതായും ഇപ്പോൾ പലരും ഇക്കാര്യം തുറന്നു പറയുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ കണ്ടെത്തലായി അവർ പറഞ്ഞു. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകൾ സാധാരണമായെന്നും ശാരദ ചൂണ്ടിക്കാട്ടി.
ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്ക് കാരവാൻ ഉണ്ടാകും. നടിമാർക്ക് ശുചിമുറികൾ പോലും ലൊക്കേഷനിൽ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റിൽ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ സൗകര്യം നൽകുന്നത്. കാറ്റടിച്ചാൽ പോലും പറന്നു പോകുംവിധമുള്ള താൽക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ശാരദ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണ്. രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിൽ ബഹളം ഉണ്ടാക്കും. സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്ക്രീനിൽ ഇൻ്റിമേറ്റ് സീനുകൾ അഭിനയിക്കാൻ തയ്യാറുള്ള നടിമാർ ഇതേകാര്യം സ്ക്രീനിന് പുറത്തും ചെയ്യാൻ തയ്യാറാണെന്ന് കരുതുന്നുവെന്ന് ഒരാൾ പറഞ്ഞു.
ഒരു മടിയുംകൂടാതെയാണ് പുരുഷന്മാരായ ആളുകൾ സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്നത്. അതിപ്പോൾ സ്ത്രീകൾക്ക് താത്പര്യമില്ലെങ്കിൽപ്പോലും. എന്നാലും സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്തുകൊണ്ട് അവർ ഇതേ ആവശ്യമുന്നയിക്കും. ചില പുതിയ പെൺകുട്ടികൾ ഈ ചതിയിൽ വീഴുകയും സമ്മതമില്ലാതെ ലൈംഗികമായി ചൂഷണംചെയ്യപ്പെടുകയും ചെയ്തെന്ന് സിനിമയിലെ ചില സ്ത്രീകൾ തങ്ങളോട് പറഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]