
അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്. പക്ഷേ ഡോണൾഡ് ട്രംപിന് വീണുകിട്ടുന്ന അവസരങ്ങൾ പോലും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് മാധ്യമങ്ങൾ പറയുന്നു. ‘കമലാ ഹാരിസ് വിരോധ’മല്ലാതെ മറ്റൊന്നും ട്രംപിന് കാണാൻ കഴിയുന്നില്ല. വാക്കിലും നോക്കിലും ശ്വാസോച്ഛ്വാസത്തിലും കമലാ ഹാരിസ്. വിലക്കയറ്റമാണിന്ന് ജനങ്ങളുടെ പ്രധാന പ്രശ്നം. അത് ആയുധമാക്കാൻ പോലും ട്രംപിന് കഴിയുന്നില്ല.
പ്രചാരണ സംഘം എഴുതിത്തയ്യാറാക്കിയ പ്രസംഗം ഒരിക്കലും ട്രംപ് വായിക്കാറില്ല. അപ്പോൾ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാണ് ശീലവും. ജനം അത് ആസ്വദിക്കാറുമുണ്ട്. പക്ഷേ, ഇത്തവണ കമല ഇറങ്ങിയതോടെ കളി മാറിയെന്ന് തിരിച്ചറിഞ്ഞ് വിലക്കയറ്റത്തിലും സാമ്പത്തിക രംഗത്തും ഫോക്കസ് ചെയ്യാൻ പ്രചാരണ സംഘം ട്രംപിനോട് പറഞ്ഞു നോക്കി. പലചരക്കും കാപ്പിയും കെച്ചപ്പും വാങ്ങി അടുക്കി വച്ച്, വിലവിവരപ്പട്ടിക തയ്യാറാക്കി പ്രദർശിപ്പിച്ചു. അതിനെക്കുറിച്ച് പറയാൻ ട്രംപിനോട് പറഞ്ഞു നോക്കി.
ട്രംപ് അതില്‍ തുടങ്ങിയെങ്കിലും തുടരാനായില്ല. പതിവ് പോലെ കമലാ ഹാരിസിലേക്ക് വഴുതിവീണു. സാധനങ്ങളുടെ വിലയും കമലാ ഹാരിസിനോടുള്ള ദേഷ്യവും കൂട്ടിക്കുഴച്ചു. താനായിരുന്നു പ്രസിഡന്റെങ്കിൽ യുക്രൈന്, ഗാസ യുദ്ധങ്ങൾ സംഭവിക്കില്ലായിരുന്നു എന്നുവരെ ട്രംപ് പറഞ്ഞു. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ അവസ്ഥ ചർച്ച ചെയ്യാൻ ട്രംപിന്റെ സ്വകാര്യ ഗോൾഫ് ക്ലബ് വേദിയാക്കിയതിലെ പൊരുത്തക്കേടായിരുന്നു പക്ഷേ, മാധ്യമങ്ങൾക്ക് വിഷയമായത്. പ്രസംഗത്തിന്റെ ദൈർഘ്യം കൂടിയപ്പോൾ വാങ്ങിവച്ച ഭക്ഷണ സാധനങ്ങളുടെ മണം കാരണം ഈച്ചകള്‍ എത്തിയെന്നായിരുന്നു സിഎൻഎൻ റിപ്പോർട്ട്.
ചുരുക്കത്തിൽ സാമ്പത്തിക രംഗത്തെക്കുറിച്ച് പറയാൻ വിളിച്ചു കൂട്ടിയ പ്രചാരണ യോഗം കമലാ ഹാരിസിൽ ഒതുങ്ങി. സാമ്പത്തിക രംഗത്തെ കുറിച്ച് പറയാനാണ് പ്രചാരണ സംഘം തന്നോട് പറഞ്ഞിരിക്കുന്നത്, ബുദ്ധിജീവികളോട്, അതുകൊണ്ട് നിങ്ങളെല്ലാവരും ബുദ്ധിജീവികളാണ് എന്നും പറഞ്ഞു മുൻ പ്രസിഡന്റ്. നിർണായക സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് വിലക്കയറ്റമാണ് ഏറ്റവും വലിയ പ്രശ്നം. അത് തുറുപ്പ് ചീട്ടാക്കണം എന്ന ഉപദേശമൊന്നും ട്രംപ് വകവച്ചിട്ടില്ല ഇതുവരെ. സാമ്പത്തിക വിദഗ്ധരുടെ കണ്ണിൽ നേരിയതാണെങ്കിലും കമലാ ഹാരിസിനാണ് മുൻതൂക്കമെന്നും റിപ്പോർട്ടുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന്റെ പിന്മാറ്റവും കമലയുടെ പടയൊരുക്കവും
തായ്ലന്ഡ് ഇനി ‘ഡാഡീസ് ഗേൾ’ നിയന്ത്രിക്കും, പക്ഷേ പിന്നില്‍ നിഴലായി അച്ഛനുണ്ടാകുമോ?
ബൈഡൻ പല കാര്യങ്ങളും കൂട്ടിക്കുഴയ്ക്കുന്നതും അദ്ദേഹത്തിന്റെ ഓർമ്മപ്പിശകിനെയും പരിഹസിച്ചിരുന്ന ട്രംപിന്റെ വാക്കുകൾക്കും ചിന്തകൾക്കും വ്യക്തത ഇല്ലാതായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത് ട്രംപിന്റെ കാലത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ തന്നെയാണ്. ജോ ബൈഡനല്ല തന്റെ എതിരാളി. അപമാനിച്ച് തോൽപ്പിക്കാനാവുന്നില്ല. അതിന്റെ നിരാശയും അരിശവും മാത്രമാണ് ട്രംപിനെ ഭരിക്കുന്നത്. തനിക്ക് ദേഷ്യമാണ് കമലയോട്. ഡമോക്രാറ്റ് പാർട്ടി തന്നെ ചതിച്ചു. അട്ടിമറിച്ചു. ബൈഡന് പകരം കമലയെ ഇറക്കാൻ അവർക്ക് അവകാശമുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ പതം പറഞ്ഞും, അരിശപ്പെട്ടും അപമാനിച്ച് മതിവരാതെയും ഒരുപ്പോക്കാണ് ട്രംപിന്റെത്.
2016 -ൽ ഹിലരി ക്ലിന്റനെ അപമാനിച്ച് തോൽപ്പിച്ച്, വൈറ്റ്ഹൗസിലെത്തിയ ട്രംപിന് അതേ കളി കമലാ ഹാരിസിനോട് പറ്റില്ലെന്ന് വ്യക്തമായിരിക്കുന്നു. അതുവരെ രാഷ്രീയത്തിലുണ്ടായിരുന്ന പരസ്പര മര്യാദയും മാന്യതയും ഔചിത്യവും ഒക്കെ ഡോണൾഡ് ട്രംപ് അന്ന് കാറ്റിൽപ്പറത്തി. എതിരാളിയെ അപമാനിച്ച് ജയിച്ചു. ഈ തന്ത്രം പഴകിയെന്നാണ് ഒരുപക്ഷം. കമലാ ഹാരിസിനോട് അത് നടപ്പാകില്ലെന്ന് മറ്റൊരു പക്ഷം. കമലയുടെ ചിരിയെവരെ അപമാനിക്കുന്നുണ്ട് മുൻ പ്രസിഡന്റ്. എന്തായാലും തന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന വിദഗ്ധരുടെ വാക്കുകൾ കേൾക്കാാൻ ട്രംപ് കൂട്ടാക്കുന്നില്ല. വിലക്കയറ്റം ബൈഡന്റെയും കമലയുടേയും തലയിൽ ചാരി വോട്ട് പിടിക്കാൻ പോലും മുൻ പ്രസിഡന്റിന് കഴിയുന്നില്ല. ബൈഡന്റെ പ്രായവും അബദ്ധങ്ങളും ജനപ്രീതിയിലെ ഇടിവും പിൻമാറ്റവും ഒക്കെ ജനമനസിൽ നിന്ന് മായ്ക്കുന്നതിൽ കമല ഹാരിസ് ഏതാണ്ട് വിജയിക്കുകയും ചെയ്തിരിക്കുന്നു. രണ്ടുപേരും ഒന്നിച്ചെത്തിയ വേദിയിൽ ബൈഡന് കിട്ടിയ വരവേൽപ്പ് അതിനുള്ള തെളിവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]