
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളാണ് നിത്യാ മേനോൻ. മിത്രൻ ആർ ജവാഹർ സംവിധാനം ചെയ്ത തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെയാണ് നിത്യാ മേനോനെ തേടി പുരസ്കാരമെത്തിയത്. പുരസ്കാരനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അവരിപ്പോൾ. ഈ സിനിമയിലൂടെ തൻ്റെ ആദ്യത്തെ ദേശീയ അവാർഡ് തേടിയെത്തിയത് ഒരു കാവ്യനീതിയാണെന്ന് താൻ കരുതുന്നതെന്നും എന്തൊരു അനുഭവമായിരുന്നു അതെന്നും നിത്യാ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
തിരുച്ചിത്രമ്പലം പുറത്തിറങ്ങി രണ്ടു വർഷമായെന്നുപറഞ്ഞുകൊണ്ടാണ് നിത്യാ മേനോൻ കുറിപ്പ് ആരംഭിക്കുന്നത്. സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ടും സംസാരിക്കാൻപോലും പറ്റാതെയും തന്നെ വിളിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നു. ഒരിക്കലും താൻ കണ്ടിട്ടില്ലാത്ത എന്നാൽ ഹൃദയത്തിൽനിന്ന് വളരെയധികം സ്നേഹമുള്ളവരും അകലെ എവിടെയോനിന്ന് അനുഗ്രഹിക്കുന്നവരുമായ എല്ലാവരോടുമായി പറയാനുള്ളത് ഇങ്ങനെയൊന്ന് എപ്പോഴും തീവ്രമായി താന്ആഗ്രഹിച്ചിരുന്നു എന്നതാണ്. ഓരോരുത്തരും ഇത് അവരവരുടെ നേട്ടമായി അനുഭവിക്കുന്നു എന്ന് തോന്നുന്നു. ഇതൊരു അനുഗ്രഹമാണെന്നും നിത്യ പറഞ്ഞു.
” ഈ സിനിമയെ അംഗീകരിച്ച് അവാർഡ് നൽകിയതിന്, പുറമേക്ക് ലളിതമായി തോന്നുന്ന പ്രകടനങ്ങൾ പോലും ചെയ്യാൻ എളുപ്പമല്ലെന്ന് അംഗീകരിച്ചതിന് 2024 ലെ ദേശീയ അവാർഡുകളുടെ പ്രാദേശിക, കേന്ദ്ര ജൂറിക്ക് ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുകയാണ്. ഒരു നല്ല പ്രകടനം എന്നത് ശരീരഭാരം കുറയ്ക്കുന്നതോ കൂട്ടുന്നതോ പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലുംവിധത്തിലുള്ള ശാരീരികമായ മാറ്റങ്ങൾക്ക് വിധേയമാകുന്നതോ അല്ല. അവയെല്ലാം നമ്മുടെ പ്രകടനത്തിന്റെ ഒരു ഭാഗം മാത്രമാണ്. പക്ഷേ അതൊന്നുമല്ല ഒരു പ്രകടനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് തെളിയിക്കാൻ ഞാനെപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത് വിജയകരമായി ചെയ്യാൻ നിങ്ങളെന്നെ സഹായിച്ചു.
തിരുച്ചിത്രമ്പലത്തിന് എന്തെങ്കിലും അവാർഡ് കിട്ടുകയാണെങ്കിൽ അത് ഞങ്ങൾ നാലുപേർക്കും തുല്യമായുള്ളതാണ്. കാരണം പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്കെല്ലാം ആദ്യാവസാനം ഒരേപോലെ പ്രാധാന്യം വരുന്ന മറ്റൊരു സിനിമയിലും ഞാൻ ഭാഗമായിട്ടില്ല എന്നതുതന്നെ. അതുകൊണ്ട് ഈ പുരസ്കാരം ഞാനും ഭാരതിരാജ സാറും പ്രകാശ് രാജ് സാറും ധനുഷും വീതിച്ചെടുക്കുകയാണ്. എൻ്റെ ശക്തിയെക്കുറിച്ച് ഇത്ര വാചാലമായതിന് നന്ദി. സത്യത്തേക്കാൾ കൂടുതൽ കിംവദന്തികൾ സംസാരിക്കുന്ന ഒരിടത്ത് എത്താൻ പ്രയാസമാണ്.” നിത്യാ മേനോൻ കുറിച്ചു.
ധനുഷിന്റെ 44-ാമത്തെ ചിത്രമായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. 110 കോടിയോളമാണ് ചിത്രം അന്ന് കളക്റ്റ് ചെയ്തത്. ചിത്രത്തിൽ ശോഭന എന്ന കഥാപാത്രമായെത്തിയ നിത്യാ മേനോന്റെ പ്രകടനം തിയേറ്ററുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി ശങ്കർ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]