
ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരനേട്ടത്തിൽ പ്രതികരണവുമായി റിഷഭ് ഷെട്ടി. ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തർക്കും തന്റെ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് റിഷഭ് ഷെട്ടി തന്റെ സന്തോഷവും നന്ദിയും അറിയിച്ചത്.
‘കാന്താര’യ്ക്കുള്ള ഈ ദേശീയ അവാർഡിൻ്റെ ബഹുമതിയിൽ താൻ അതിയായ ആഹ്ളാദത്തിലാണെന്ന് റിഷഭ് പറഞ്ഞു. ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും, കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രത്യേകിച്ച് ഹോംബാലെ ഫിലിംസിൻ്റെയും ടീമിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഈ സിനിമ യഥാർത്ഥത്തിൽ എന്താണെന്ന് പ്രേക്ഷകരാണ് തീരുമാനിച്ചത്. അവരുടെ പിന്തുണ തന്നിൽ ആഴത്തിലുള്ള ഉത്തരവാദിത്തബോധം നിറയ്ക്കുന്നുവെന്നും റിഷഭ് പറഞ്ഞു.
“ഇതിലും മികച്ച ഒരു സിനിമ നമ്മുടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അങ്ങേയറ്റം ആദരവോടെ, ഈ അവാർഡ് നമ്മുടെ കന്നഡ പ്രേക്ഷകർക്കും ദൈവ നർത്തകർക്കും അപ്പു സാറിനും ഞാൻ സമർപ്പിക്കുന്നു. ഇങ്ങനെയൊരു നിമിഷത്തിൽ എത്തിയതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കന്നഡ ആക്ഷൻ ചിത്രമായിരുന്നു കാന്താര. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം കേരളത്തിലടക്കം വലിയ വിജയമായിരുന്നു. കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്റെ പ്രീക്വൽ ഒരുക്കുന്ന തിരക്കിലാണിപ്പോൾ റിഷഭ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]