
വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ രാജ്യം ഒരുങ്ങുകയാണ്. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇത്തവണ ഒരു പുതിയ ദേശഭക്തി ഗാനത്തിൻ്റെ സാന്നിധ്യവും ഉണ്ട്. ഡോക്ടർ സി വി രഞ്ജിത്ത് സംഗീതസംവിധാനവും സംവിധാനവും നിർവഹിക്കുന്ന ദേശഭക്തിഗാനമായ വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനം ആഗസ്ത് 12 ന് പുറത്തിറങ്ങി.
ഇന്ത്യയിലെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളുടെ മനോഹരമായ ലൊക്കേഷനുകളിലാണ് ഗാനം ചിത്രീകരിച്ചത്. 6 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു എന്ന് ഡോ. സി വി രഞ്ജിത്ത് പറഞ്ഞു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും വ്യതസ്ത കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത്. ഡൽഹി, ആഗ്ര, അമൃത് സർ, കുളു മണാലി, ലഡാക്ക്, കേദാർനാഥ്, ശ്രീനഗർ, കേരൻ, മുംബൈ, ബാംഗ്ലൂർ, മൈസൂർ, ഹംപി , ഹൈദരബാദ്, ഗ്വാഹട്ടി,മേഘാലയ, ഒറീസ, ജയ്പൂർ, അജ്മീർ, കൊൽക്കത്ത, വാരണാസി, ബറോഡ, ലക്നൗ, കന്യാകുമാരി, ധനുഷ്കോടി, മധുര തുടങ്ങിയയിടങ്ങളും കേരളത്തിൽ വാഗമൺ, തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെയും ഭംഗി ഗാനരംഗങ്ങളിൽ കാണാം.
ഇന്ത്യയുടെ ആദ്യ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന കേരൻ എന്ന സ്ഥലത്തെ ഗാന ചിത്രീകരണം ഡോക്ടർ സി വി രഞ്ജിത്തിന് മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു. ഒരു നദിക്ക് ഇരുവശവുമായി ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും അതിർത്തികൾ നിലനിൽക്കുന്നത് ഈ ഗ്രാമത്തിൽ നിന്നുമുള്ള കാഴ്ചയാണ്. പുതിയ പലതരം ഗാനങ്ങൾ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളിൽ തരംഗ മാവുകയും ചെയ്യാറുണ്ട്. എന്നാൽ യുവാക്കളിൽ ദേശ സ്നേഹം ഉണർത്തുന്ന ഗാനങ്ങൾ കുറവാണ്. വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറയുന്നു.
സംഗീത സംവിധാനത്തിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിക്കുന്നതും ഡോക്ടർ സി വി രഞ്ജിത്ത് തന്നെയാണ്. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാനത്തിനായി വരികൾ രചിച്ചത്. ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ഈണം ആലപിക്കുന്നത് മുംബൈയിലെ ഗായകനായ അസ്ലം കേയി ആണ്. ശബ്ദ മിശ്രണം നിർവഹിച്ചിരിക്കുന്നത് അശ്വിൻ ശിവദാസ്. സനിൽ കൂത്തുപറമ്പ് , പി വി രഞ്ജിത്ത് ,ഡോ സി വി രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഗാനത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് : ദീപ്തി ,നിവേദ്. വി എഫെക്സ് : അഭി, ജൂഹി. മുൻ മിസ്റ്റർ പഞ്ചാബ് സത്കർതാർ സിംഗ് ഗാനത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് . സൂപ്പർസ്റ്റാർ സിംഗർ വിജയി ഇന്ത്യയിലെ തരംഗവുമായ ആവിർ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് മയൂർ കെ ഭരോട്ടിൻ്റെ വൈറ്റ് മെഷർ എന്റർടെയ്ൻമെന്റ്സ് ആണ് ഗാനം പുറത്തിറക്കുന്നത്.
നേരത്തെ ടൂറിസത്തിനായി ഡോ. സി വി രഞ്ജിത്ത് ഒരുക്കിയ ‘ ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരവും ഡോക്ടർ സി വി രഞ്ജിത്ത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ പാട്ട് ഒരുക്കി ഡോ. സി വി രഞ്ജിത്ത് ശ്രദ്ധ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]