ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് കന്നഡ സൂപ്പർതാരം ദർശൻ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള ഒരു വിവരം പുറത്തുവന്നിരിക്കുകയാണിപ്പോൾ. ആരോഗ്യം മോശമായതിനെത്തുടർന്ന് താരം ജയിലിൽ കുഴഞ്ഞുവീണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ദർശന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.
രണ്ടുമാസം മുൻപാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തായ പവിത്രാ ഗൗഡയും ജയിലിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദർശന്റെ ആരോഗ്യം മോശമായിരുന്നെന്നും തുടർന്നാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ദർശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും ഈയിടെ അദ്ദേഹത്തെ സന്ദർശിച്ച മുൻ സഹതടവുകാരൻ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുകയാണ്. താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയിൽ മുഴുകിയാണ് ദർശൻ ദിവസങ്ങൾ തള്ളി നീക്കാൻ ശ്രമിക്കുന്നതെന്നും സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ അദ്ദേഹം കുഴഞ്ഞുവീണ വാർത്തയും പുറത്തുവന്നിരിക്കുന്നത്.
19 പേരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു.
ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻ തുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]