ദില്ലി: 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് നടക്കും.ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ദില്ലിയിലാണ് യോഗം ചേരുക. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.
53-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ദില്ലിയിൽ നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ജിഎസ്ടി നിയമത്തിൽ പുതിയ സെക്ഷൻ 11 എ ഉൾപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകിയിരുന്നു, 2017-ലെ ജിഎസ്ടി നിയമത്തിലെ 112-ാം വകുപ്പിൽ ഭേദഗതി വരുത്താനും കൗൺസിൽ ശുപാർശ ചെയ്തു.
അതേസമയം, കണക്കുകൾ പ്രകാരം ജൂലൈയിലെ ജിഎസ്ടി വരുമാനം 10.3 ശതമാനം വർധിച്ച് 1.82 ലക്ഷം കോടി രൂപയായി. 2017 ജൂലൈ 1 ന് ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്. 16,283 കോടി രൂപയാണ് ജൂലൈയിലെ റീഫണ്ടുകൾ. ഇത് കണക്കാക്കിയ ശേഷം, മൊത്തം ജിഎസ്ടി കളക്ഷൻ 1.66 ലക്ഷം കോടി രൂപയിലധികമായിരുന്നു, 14.4% വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായത്. അതേസമയം, കേന്ദ്ര ജിഎസ്ടി 32,386 കോടി രൂപയും സംസ്ഥാന ജിഎസ്ടി 40,289 കോടി രൂപയും സംയോജിത ജിഎസ്ടി 96,447 കോടി രൂപയും ഉൾപ്പെടുന്ന മൊത്തം ജിഎസ്ടി വരുമാനം 1,82,075 കോടി രൂപയിലെത്തി. സെസ് ഇനത്തിൽ 12,953 കോടി രൂപയാണ് പിരിച്ചെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]