തിരുവനന്തപുരം: മനുഷ്യ – വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാൻ അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയ്യാറാക്കാൻ ബാംഗ്ലൂരില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചു. മനുഷ്യ-ആന സംഘര്‍ഷ പരിപാലനം സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ചാണ് മന്ത്രി തല യോഗം ചേർന്നത്. കേരളത്തിന്റെ ആക്ഷന്‍ പ്ലാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകള്‍ സംയുക്തമായി മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ള പദ്ധി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനും യോഗത്തിൽ ധാരണയായി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ദേദഗതിയും സംസ്ഥാനങ്ങൾ ആവശ്യപ്പെടും. വന്യജീവി സങ്കേതങ്ങളിലെ മഞ്ഞക്കൊന്ന ഉള്‍പ്പെടെയുള്ള വൈദേശിക സസ്യങ്ങള്‍ നീക്കുന്നതിന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഇതിലൂടെ ലഭിക്കുന്ന വരുമാനം ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്നതിന് കേന്ദ്രാനുമതി തേടും.
പ്രശ്നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക അന്തര്‍ സംസ്ഥാന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. അതീവ പ്രശ്നക്കാരായ ആനകളെ പിടികൂടേണ്ടി വരുന്നതിനായി ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍ തയ്യാറാക്കും. വനപ്രദേശങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ നടപ്പിലാക്കുന്ന വന്‍കിട വികസന പദ്ധതികളുടെ ആകെ ചെലവിന്റെ അഞ്ച് ശതമാനമെങ്കിലും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി ഉപയോഗിക്കുവാന്‍ കേന്ദ്രത്തോട് അനുമതി തേടും. മൂന്ന് മാസത്തിലൊരിക്കല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെയും ആറ് മാസത്തിലൊരിക്കല്‍ സംസ്ഥാന മേധാവികളുടെയും അന്തര്‍ സംസ്ഥാന അവലോകന യോഗം ചേരുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
ബാംഗ്ലൂരില്‍ നടന്ന സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കര്‍ണ്ണാടക വനം മന്ത്രി ഈശ്വര്‍ ഖൊന്‍ഡ്രെ, തമിഴ്നാട് വനംമന്ത്രി ഡോ. മതിവേന്തന്, തെലങ്കാന വനം മന്ത്രി കൊണ്ട സുരേഖ, ജാര്‍ഖണ്ഡ് വനം മന്ത്രി, കേരളത്തിലെ മുഖ്യവനം മേധാവി ഗംഗാസിംഗ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]