
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ആക്രി സാധനങ്ങൾക്കൊപ്പം പെട്ടുപോയ എടിഎം കാർഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിൻ നമ്പറും ഉപയോഗിച്ച് പണം തട്ടിയെടുത്ത തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണം തട്ടിയ കേസിൽ തെങ്കാശി സ്വദേശി ബാലമുരുകനാ(43)ണ് പിടിയിലായത്.
പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ ചെങ്ങന്നൂർ സ്വദേശിയായ ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാർഡാണ് നഷ്ടമായത്. 2018 ലാണ് കാർഡ് ലഭിച്ചത്. എന്നാൽ ഷാജി വിദേശത്തേക്ക് പോയതിനാൽ കാർഡ് ഉപയോഗിച്ചില്ല. ആ വർഷം പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി. ഇക്കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങൾ ആക്രിവിലയ്ക്ക് വിറ്റു. ഒക്ടോബർ 25 ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു.
എന്നാൽ അക്കൗണ്ടിൽ പണം ഇല്ലായിരുന്നു. എടിഎം കാർഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ പിൻവലിച്ചെന്നാണ് ബാങ്ക് ജീവനക്കാർ പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ബാങ്ക് അക്കൗണ്ടുമായി ഷാജി ബന്ധിപ്പിച്ചത് താൻ ഗൾഫിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറായിരുന്നു. ആ ഫോൺ അബുദാബിയിലെ വീട്ടിൽ വെച്ചാണ് ഷാജി നാട്ടിലേക്ക് വന്നത്. അതിനാൽ തന്നെ പണം പിൻവലിക്കപ്പെട്ടപ്പോൾ ഫോണിൽ വന്ന മെസേജ് ഷാജി കണ്ടതുമില്ല.
2022 ഒക്ടോബർ 7നും 22 നും ഇടയിൽ 61 തവണയായി ഷാജിയുടെ അക്കൗണ്ടിലെ പണം പിൻവലിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂർ, കറ്റാനം, തമിഴ്നാട്ടിലെ മധുര, നാമക്കൽ, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. പണം പിൻവലിച്ച എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
എല്ലാ ദൃശ്യങ്ങളിലും ഒരു ലോറിയുണ്ടായിരുന്നു. ലോറി ഡ്രൈവർമാരെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. ഇതിലാണ് ബാലമുരുകൻ അറസ്റ്റിലായത്. തിരുവല്ലയിലെ ആക്രിക്കടയിൽ നിന്ന് ലോഡെടുക്കാനെത്തിയ ഇയാൾ എടിഎം കാർഡ് കണ്ട് ഇത് കൈക്കലാക്കുകയായിരുന്നു. പ്രതി മോഷ്ടിച്ച പണത്തിൽ ആറ് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
The post ആക്രി സാധനങ്ങൾക്കൊപ്പം എടിഎം കാർഡും സ്വകാര്യ പിൻ നമ്പറും ; പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ ചെങ്ങന്നൂർ സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ; കാർഡ് ഉപയോഗിച്ച് പണെ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]