
തുടർപരാജയങ്ങളുടെ നടുവിൽ നിൽക്കുകയാണ് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഖേൽ ഖേൽ മേം എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഉടൻ തിയേറ്ററുകളിലെത്തുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണത്തിനിടെ ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ ടോം ആൻഡ് ജെറിയെക്കുറിച്ച് അക്ഷയ് പറഞ്ഞ വാക്കുകൾ ശ്രദ്ധയാകർഷിക്കുകയാണ്. അക്രമം എന്നാണ് അദ്ദേഹം ടോം ആൻഡ് ജെറി കാർട്ടൂണിനെ വിശേഷിപ്പിച്ചത്.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖേൽ ഖേൽ മേം എന്ന ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിലെത്തുന്ന ഫർദീൻ ഖാനും അക്ഷയ് കുമാറിനൊപ്പമുണ്ടായിരുന്നു. അഭിമുഖം പുരോഗമിക്കുന്നതിനിടെ ടോം ആൻഡ് ജെറിയോടുള്ള തന്റെ ഇഷ്ടം ഫർദീൻ ഖാൻ തുറന്നുപറഞ്ഞു. ഈ അവസരത്തിലാണ് ടോം ആൻഡ് ജെറിയിലുള്ളത് തമാശയല്ല, മറിച്ച് അക്രമമാണെന്ന് അക്ഷയ് കുമാർ അഭിപ്രായപ്പെട്ടത്. തന്റെ പല സംഘട്ടനരംഗങ്ങളും ടോം ആൻഡ് ജെറിയിൽനിന്ന് പ്രചോദനംകൊണ്ടിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.
“ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അക്രമമാണ്. ഇന്ന് ഞാൻ നിങ്ങളോടൊരു രഹസ്യം പറയാം. കരിയറിൽ എത്രയോ സംഘട്ടനരംഗങ്ങളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. അതിൽ പലതും ടോം ആൻഡ് ജെറിയിൽനിന്ന് കടംകൊണ്ടതാണ്. മുൻപ് ഒരു ചിത്രത്തിൽ ചെയ്ത ഹെലികോപ്റ്റർ രംഗം മുഴുവൻ ആ കാർട്ടൂണിൽനിന്നെടുത്തതാണ്. നാഷണൽ ജ്യോഗ്രഫിക്കിൽനിന്ന് മറ്റൊരാശയമെടുത്ത് ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ടോം ആൻഡ് ജെറിയിൽ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷൻ രംഗങ്ങൾ വേറെവിടേയും കാണാൻ കഴിയില്ല.” അക്ഷയ് കുമാർ വ്യക്തമാക്കി.
മുദാസർ അസീസാണ് ഖേൽ ഖേൽ മേം സംവിധാനംചെയ്യുന്നത്. വാണി കപൂർ, പ്രഗ്യാ ജയ്സ്വാൾ, ആമി വിർക്ക്, ആദിത്യ സീൽ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ടി സീരീസ് ഫിലിംസ്, വക്കാവൂ ഫിലിംസ്, വൈറ്റ് വേൾഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]