

പാരീസ് ഒളിമ്പിക്സ് : 16 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ചൈനയെ മറികടന്ന് യു.എസ്. ഒന്നാമത് ; ഇന്ത്യ 71-ാമത്
സ്വന്തം ലേഖകൻ
പാരീസ്: 16 ദിവസം നീണ്ട പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേട്ടത്തില്‍ ചിരവൈരികളായ ചൈനയെ മറികടന്ന് യു.എസ്. ഒന്നാമത്. യു.എസും ചൈനയും 40 വീതം സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. യു.എസിന്റെ ആകെ മെഡല്‍ നേട്ടം 126 ആണ്. ചൈനയെക്കാള്‍ 35 എണ്ണം കൂടുതലാണിത്. ആറ് മെഡലുകളോടെ ഇന്ത്യ പട്ടികയില്‍ 71-ാം സ്ഥാനത്തുണ്ട്.
അവസാന മത്സര ഇനമായ വനിതാ ബാസ്കറ്റ്ബോളിന് മുന്‍പ് ചൈനയ്ക്ക് ഒരു സ്വര്‍ണ മെഡല്‍ പിന്നിലായിരുന്നു യു.എസ്. 40 സ്വര്‍ണം ചൈനയ്ക്കുണ്ടായിരുന്നപ്പോള്‍ യു.എസിന് 39 എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബാസ്കറ്റ്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്തതോടെ യു.എസിന്റെ സ്വര്‍ണ നേട്ടവും നാല്‍പ്പതായി. തുടര്‍ച്ചയായി നാലാംതവണയാണ് അമേരിക്ക മെഡല്‍പട്ടികയില്‍ ഒന്നാമതെത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യു.എസ്. പാരീസില്‍ നേടിയത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളോടെ ചൈന രണ്ടാമത്. ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.
അതേസമയം വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിനെത്തുടര്‍ന്ന് പുറത്തായിരുന്നു. ഫൈനലിലെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം അധികം തൂക്കം കണ്ടെത്തിയത്. ഇതോടെ മത്സരത്തില്‍നിന്ന് അയോഗ്യത കല്‍പ്പിക്കുകയും ഉറപ്പായിരുന്ന വെള്ളി മെഡല്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.
ഇതിനെതിരേ വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ കായിക കോടതിയില്‍ ഹാജരാകും. കേസില്‍ വിധി വന്നിട്ടില്ല. 13-ന് വൈകുന്നേരത്തിനകം വിധി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]