
പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ തമിഴ് സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എ.ആർ.മുരുഗദോസും ശിവ കാർത്തികേയനും ഒരുമിക്കുന്ന ചിത്രത്തിനായി. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവര പേരിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് മലയാളികൾക്കും സന്തോഷിക്കാവുന്ന ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
മലയാളികളുടെ പ്രിയനടൻ ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാവുന്നു എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം. നിർമാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിലേക്ക് ബിജു മേനോനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു ഗംഭീര അഭിനേതാവ് തങ്ങൾക്കൊപ്പം ചേർന്നിരിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം നിർമാതാക്കൾ കുറിച്ചത്.
14 വർഷങ്ങൾക്കുശേഷമാണ് ബിജു മേനോൻ തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബിജു മേനോന്റേത് എന്തുവേഷമായിരിക്കും എന്നതിന്റെ സൂചനകൾ വീഡിയോയിലുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ബിജു മേനോൻ തമിഴിലേക്കെത്തുന്നത്. 2005-ൽ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മജാ ആണ് ബിജു മേനോന്റെ ആദ്യ തമിഴ് ചിത്രം. 2010-ൽ പുറത്തിറങ്ങിയ പോർക്കളത്തിലാണ് അദ്ദേഹം ഇതിനുമുൻപ് തമിഴിൽ വേഷമിട്ടത്.
കന്നഡ താരം രുഗ്മിണി വസന്ത് ആണ് നായികയാവുന്നത്. വിദ്യുത് ജംവാളാണ് വില്ലൻ വേഷത്തിൽ. ശിവ കാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ ‘മാൻ കരാട്ടെ’ എന്ന ശിവകാർത്തികേയൻ നായകനായ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ഇളമൺ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ. പിആർഒ- ശബരി.