

First Published Aug 10, 2024, 10:17 AM IST | Last Updated Aug 10, 2024, 10:19 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം ശക്തമാക്കിയിട്ടുണ്ട്. ഒപ്പം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലും ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2013ൽ ലോക്സഭയിൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ മറുപടി പ്രകാരം പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് നേരത്തെ മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത്.
ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും, ദുരിതാശ്വാസ സഹായത്തിന്റെ തോതും, പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ കഴിവും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ പ്രകൃതി ദുരന്തത്തെ ഓരോ സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് എന്നാണ് അന്ന് മുല്ലപ്പള്ളി ലോക്സഭയില്‍ പറഞ്ഞത്.
പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സഹായവും പ്രതികരണ സഹായവും നല്‍കുന്നതിനാണ് മുൻഗണന. അതുപോലെ, നിശ്ചിത മാനദണ്ഡങ്ങളൊന്നുമില്ല. എന്നാലും ‘ഗുരുതരമായ’ ദുരന്തത്തിന്, നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് അധിക സഹായവും പരിഗണിക്കും.
പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കാണ് പ്രാഥമികമായി ഉത്തരവാദിത്തമെന്നും അന്ന് മുല്ലപ്പള്ളി ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.
എന്താണ് ദേശീയ ദുരന്തം?
ദേശീയ ദുരന്തത്തെ നിർവചിക്കുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ, പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേകമായ എക്സിക്യൂട്ടീവ് സംവിധാനങ്ങളോ നിയമപരമായ വ്യവസ്ഥകളോ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാൻ നിശ്ചിത മാനദണ്ഡവുമില്ല. ഇതുമായി ബന്ധപ്പെട്ട്, പത്താം ധനകാര്യ കമ്മീഷൻ (1995-2000) നിർദേശങ്ങൾ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കിൽ ദുരന്തത്തെ ‘അപൂർവമായ തീവ്രതയുള്ള ദേശീയ ദുരന്തം’ എന്ന് വിളിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, ‘അപൂർവ തീവ്രതയുടെ ദുരന്തം’ എന്താണെന്ന് പ്രത്യേകമായി നിർവചിച്ചിട്ടില്ല.
‘അപൂർവമായ തീവ്രതയുള്ള ദുരന്തം’ എന്നത് സംഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു. ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും, പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിൻ്റെ ശേഷി, ആശ്വാസ പദ്ധതികൾ നടപ്പാക്കാനുള്ള വിഭവ ശേഷി എന്നിവയാണ് പ്രധാനമായ അടിസ്ഥാനം. 2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ഉത്സവത്തിന്റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]