
ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ, അവൻ്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഒരുകൂട്ടം പ്രശ്നങ്ങളും. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ‘സൂപ്പർ സിന്ദഗി’ എന്ന ചിത്രത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. വിന്റേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷും ജോണി ആൻ്റണിയും ധ്യാനിന് ഒപ്പമെത്തുന്നുണ്ട്.
ജോലിക്കൊന്നും പോകാതെ അലസജീവിതം നയിക്കുന്ന യുവാവാണ് ധ്യാൻ അവതരിപ്പിക്കുന്ന സിദ്ധാർഥ്. ബിസിനസ് ആണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. പക്ഷേ അതിനുവേണ്ടി പരിശ്രമിക്കാൻ സിദ്ധാർഥ് ഒരുക്കവുമല്ല. യാതൊരു ലക്ഷ്യബോധവുമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ സിദ്ധാർഥിന് മുന്നിൽ പെട്ടെന്ന് പണക്കാരനാകാനുള്ള ഒരു വഴി തെളിയുകയാണ്, ഒരു വളഞ്ഞ വഴി.
സ്വർണത്തിലൂടെ നേട്ടവും അതിനെക്കാളുമേറെ അപകടവും നിറഞ്ഞ മാർഗം സ്വീകരിക്കാൻ തെല്ലൊന്നു മടിക്കുന്ന സിദ്ധാർഥിനെ മുന്നോട്ടുതന്നെ പോകാൻ പ്രേരിപ്പിക്കുന്നത് മുജീബ് എന്ന കഥാപാത്രമാണ്. മുകേഷാണ് സുഹൃത്തായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഹസികമായ ഈ യാത്രയിൽ അവർക്കൊപ്പം ജോണി ആൻ്റണി അവതരിപ്പിക്കുന്ന കഥാപാത്രവും എത്തുന്നുണ്ട്. തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം.
യഥാർഥ ചില സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രാധാന്യമേറിയ ഒരു വിഷയം പറയുമ്പോഴും ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും സൗഹൃദവും കഥാപാത്രങ്ങളായി എത്തുന്ന ‘സൂപ്പർ സിന്ദഗി’യിൽ ആക്ഷനും പ്രാധാന്യം നൽകിയിട്ടുണ്ട്.
കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ജോണി ആൻ്റണി എന്നിവർ തങ്ങളുടെ കഥാപാത്രം ഭദ്രമാക്കി. സുരേഷ് കൃഷ്ണ, പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
എൽദൊ ഐസക്കാണ് ഛായാഗ്രഹണം. ലിജോ പോൾ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണങ്ങൾ അഭിലാഷ് ശ്രീധരനാണ് തയ്യാറാക്കിയത്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]