
തെലുങ്ക് സിനിമയിലെ ഒരു സൂപ്പർ താരത്തേക്കുറിച്ചുള്ള സംവിധായകൻ രാം ഗോപാൽ വർമയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. സ്വന്തം ചിത്രം എട്ടുനിലയിൽ തകർന്നപ്പോൾ പ്രദർശനം തുടരുന്നതിനായി ഒരു തെലുങ്ക് സൂപ്പർ സ്റ്റാർ കയ്യിൽനിന്ന് പണം മുടക്കിയെന്നാണ് വർമ വെളിപ്പെടുത്തിയത്. ഇതിനായി മുംബൈയിലെ ഒരു കോർപ്പറേറ്റ് കമ്പനിക്ക് നടൻ പണം നൽകിയെന്നും ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ പറഞ്ഞു.
“മുംബൈയിലെ കോർപ്പറേറ്റ് കമ്പനി തെലുങ്കിലെ ഒരു സൂപ്പർതാരത്തെ നായകനാക്കി സിനിമയെടുക്കാൻ മുന്നോട്ടുവന്നു. ആ സിനിമ നടന്നെങ്കിലും തിയേറ്ററിൽ പരാജയപ്പെടുകയും നിർമാതാവിന് നഷ്ടം സംഭവിക്കുകയും ചെയ്തു. തിയേറ്ററുകളിൽനിന്ന് ആ ചിത്രം നീക്കം ചെയ്യാനായിരുന്നു നിർമാതാക്കളുടെ തീരുമാനം. പക്ഷേ ആ നടന്റെ ആരാധകർക്ക് അതൊരു അപമാനമായി തോന്നി.” രാം ഗോപാൽ വർമ പറഞ്ഞു.
“തുടർന്ന് ആ താരം കോർപ്പറേറ്റ് കമ്പനിയുടെ മേധാവിയെ വിളിച്ച് കുറച്ച് ദിവസത്തേക്കുകൂടി ചിത്രം തിയേറ്ററുകളിൽ നിലനിർത്തണമെന്നും അതിനുള്ള പണം താൻ നൽകാമെന്നും പറഞ്ഞു. ഇക്കാര്യം പക്ഷേ സിനിമയുടെ വിതരണക്കാരനെ അറിയിച്ചിരുന്നില്ല. അതിനാൽ വിതരണക്കാരൻ സിനിമയുടെ പ്രദർശനത്തേക്കുറിച്ച് പത്രങ്ങളിൽ പരസ്യംചെയ്യുന്നത് നിർത്തിയിരുന്നു. ഇത് യഥാർത്ഥത്തിൽ അധികചിലവാണ്. സിനിമ ഓടുന്നുണ്ടെങ്കിലും പരസ്യമില്ലാത്ത അവസ്ഥയായി.” രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.
സംവിധായകന്റെ വാക്കുകൾ വൈറലായതോടെ ആരാണ് ഈ താരമെന്നുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. അടുത്ത കാലത്ത് തെലുങ്കിൽ വൻ പരാജയങ്ങൾ നേരിട്ടിട്ടുള്ള സൂപ്പർ താരങ്ങളുടെയെല്ലാം പേരുകൾ ഈ ചർച്ചയിൽ ഉയർന്നുവന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]