
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആർടിസ്റ്റുകളുടെ സ്ഥാപനങ്ങളിൽ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മേക്കപ്പ് ആർടിസ്റ്റുകളുടെ സ്ഥാപനങ്ങളും വീടുകളും നിരീക്ഷിച്ചുവരികയായിരുന്നു എന്ന് ജി.എസ്.ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ പരിശോധന തുടങ്ങി. രാത്രിയും പലയിടങ്ങളിലും പരിശോധന തുടരുകയാണ്. മേക്കപ്പിലൂടെ ലഭിക്കുന്ന നികുതി അടയ്ക്കേണ്ട കോടികളുടെ വരുമാന വിവരങ്ങൾ മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏകദേശം 32.51 കോടി രൂപയുടെ നികുതി വെട്ടിപ്പ് പ്രാഥമികമായി കണ്ടെത്തിയെന്ന് വാർത്താക്കുറിപ്പിൽ സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിനൊപ്പം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകൾക്കെതിരെ ചരക്ക് സേവന നികുതി വകുപ്പ് അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]