അഭിനയ സാമ്രാട്ടായിരുന്ന സത്യന്റെ അവസാന ചിത്രവും പിൽക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മമ്മൂട്ടിയുടെ ആദ്യസിനിമയുമായിരുന്നു അനുഭവങ്ങൾ പാളിച്ചകൾ .
കോട്ടയം: മഞ്ഞിലാസിന്റെ ബാനറിൽ
എം ഒ ജോസഫ് നിർമ്മിച്ച്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത
“അനുഭവങ്ങൾ പാളിച്ചകൾ ” എന്ന ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.
അഭിനയ സാമ്രാട്ടായിരുന്ന സത്യന്റെ അവസാന ചിത്രവും പിൽക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മമ്മൂട്ടിയുടെ ആദ്യസിനിമയുമായിരുന്നു അനുഭവങ്ങൾ പാളിച്ചകൾ .
ആലപ്പുഴയിലെ ഒരു തൊഴിലാളി നേതാവിന്റെ യഥാർത്ഥ ജീവിതകഥയായിരുന്നു തകഴി ശിവശങ്കരപ്പിള്ള ” അനുഭവങ്ങൾ പാളിച്ചകൾ ” എന്ന നോവലിലൂടെ വരച്ചുകാട്ടിയത് .
താൻ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിനു വേണ്ടി തൂക്കിലേറേണ്ടി വന്ന സഖാവായി സിനിമയിൽ സത്യൻ നടത്തിയ പകർന്നാട്ടം സമാനതകളില്ലാത്തതായിരുന്നു .
തൊഴിലാളി നേതാവായ ചെല്ലപ്പൻ മലയാളസിനിമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറി .
ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹോസ്പിറ്റലിൽ പോയി ബ്ളഡ് മാറ്റിയതിനു ശേഷം സെറ്റിലെത്തി സത്യൻ വീണ്ടും അഭിനയിക്കുമായിരുന്നുവത്രേ! മൂക്കിൽ നിന്നും ഒഴുകി വരുന്ന രക്തം കണ്ടിട്ട് യൂണിറ്റംഗങ്ങൾ പരിഭ്രാന്തരായപ്പോഴും അവരെയൊക്കെ ആശ്വസിപ്പിച്ച്
മന:സംയമനത്തോടെ തന്റെ റോൾ പൂർത്തിയാക്കുവാനുള്ള ആ നടന്റെ നിശ്ചയദാർഢ്യത്തേയും സമർപ്പണ ബോധത്തേയും പറ്റി ജനങ്ങൾ കൂടുതൽ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷമാണ്.
അനുഭവങ്ങൾ പാളിച്ചകൾ പൂർത്തിയാക്കാതെ സത്യൻ എന്നെന്നേക്കുമായി യാത്രയായി. ചിത്രത്തിലെ അവസാനരംഗങ്ങൾ മറ്റൊരു നടനെ വെച്ച് നായകന്റെ മുഖം പ്രത്യക്ഷപ്പെടാതെ ശക്തമായ പ്രതിബിംബങ്ങളിലൂടെ ചിത്രീകരിച്ചാണ് സേതുമാധവൻ ചിത്രം പൂർത്തീകരിച്ചത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീയിൽ കുരുത്ത തോപ്പിൽ ഭാസിയായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് .
സത്യനെ കൂടാതെ പ്രേംനസീർ , ഷീല, അടൂർ ഭാസി , ബഹദൂർ ,
കെ പി എ സി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന നടീനടന്മാർ .
എറണാകുളത്ത് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ അവിടെ ലോകോളജിൽ പഠിച്ചിരുന്ന മമ്മൂട്ടി ദിവസങ്ങളോളം ഷൂട്ടിംഗ് ലൊക്കേഷനിൽ കാത്തു കെട്ടി കിടന്ന് കെ എസ് സേതുമാധവനെ കാണുകയും അദ്ദേഹത്തിന്റെ ഔദാര്യത്തിൽ വെറും പത്തു സെക്കന്റ് മാത്രമുള്ള ഒരു സീനിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ചരിത്രം
പിന്നീട് മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതുകയുണ്ടായി .
1971 ആഗസ്റ്റ് 6 – ന് ചിത്രം ..പുറത്തിറങ്ങി. സത്യന്റെ ശവസംസ്ക്കാര വിലാപയാത്ര
ഈ ചിത്രത്തോടൊപ്പമാണ് പ്രദർശിപ്പിച്ചിച്ചത് .
വയലാർ ദേവരാജൻ ടീമായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം .
തകഴിയുടെ നോവലിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് വയലാർ എഴുതിയ
“സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ ……”
എന്ന വിപ്ലവഗാനമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ സോങ് .
“പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ .. ”
“കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് …”
“അഗ്നിപർവ്വതം പുകഞ്ഞു….”
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റുഗാനങ്ങൾ .
“അഗ്നിപർവ്വതം പുകഞ്ഞു
ഭൂചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു
രക്തപുഷ്പം വിടർന്നു….”
എന്ന ഗാനം സത്യനു വേണ്ടിയാണോ വയലാർ എഴുതിയതെന്ന് ഈ പാട്ടിലെ വരികൾ ശ്രദ്ധിച്ചാൽ നമുക്ക് സംശയം തോന്നി പോകും .
പാട്ടിന്റെ അനുപല്ലവിയും ചരണവുമെല്ലാം സത്യൻ എന്ന അനശ്വര നടന്റെ ജീവിതവുമായി അത്രമാത്രം ഇഴ ചേർന്നിരുന്നുവെന്നുള്ളത് ഇന്നും വിസ്മയകരം തന്നെയാണ് .
” കഴുകാ ഹേ കഴുകാ
കറുത്ത ചിറകുമായ്
താണു പറന്നീ
കനലിനെ കൂട്ടിൽ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ പ്രഭാതത്തിൽ
ഈ കനൽ ഊതി ഊതി
കാലമൊരു കത്തുന്ന പന്തമാക്കും
തീപ്പന്തമാക്കും അഹാഹാ…അഹാഹാ…
(അഗ്നിപർവതം..)
ഗരുഡാ – ഗരുഡാ ഹേ ഗരുഡാ
ചുവന്ന ചിറകുമായ്
താണു പറന്നീ
പവിഴത്തെ ചെപ്പിൽ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ നിശീഥത്തിൽ
ഈ മുത്തു രാകി രാകി
കാലമൊരു നക്ഷത്ര ജ്വാലയാക്കും
തീ ജ്വാലയാക്കും അഹാഹാ…അഹാഹാ…
(അഗ്നിപർവതം)
ശരിയാണ് ….
കാലമൊരു നക്ഷത്ര ജ്വാലയാക്കിയ
സത്യന്റെ സ്മരണകൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ഇന്ന് അൻപത്തിമൂന്നാം വാർഷികത്തിലേക്കു കടക്കുന്ന “അനുഭവങ്ങൾ പാളിച്ചകൾ ” എന്ന ചിത്രത്തെ ഇവിടെ ആദരപൂർവ്വം അടയാളപ്പെടുത്തുന്നു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]