
വൻ വിവാദങ്ങൾക്ക് വഴിവച്ച ദി കേരള സ്റ്റോറി എന്ന സിനിമ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് സംവിധായകൻ രാം ഗോപാൽ വർമ. താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും ചിത്രം കണ്ടശേഷം അണിയറ പ്രവർത്തകരെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
“ദി കേരള സ്റ്റോറി എന്ന സിനിമയിൽ ഞാൻ സന്തുഷ്ടനാണ്. വർഷങ്ങളായി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണത്. സിനിമ കണ്ടതിന് പിന്നാലെ സംവിധായകനുമായും (സുദീപ്തോ സെൻ) നിർമ്മാതാവിനോടും (വിപുൽ ഷാ) നടി ആദാ ശർമ്മയോടും സംസാരിച്ചിരുന്നു. ഇവരുടെ തന്നെ മറ്റൊരു സിനിമ കൂടി പുറത്തിറങ്ങിയിരുന്നു. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാവരും ആ സിനിമയെ അവഗണിച്ചു”, എന്നാണ് രാം ഗോപാൽ വർമ പറഞ്ഞത്. ഗലാട്ട പ്ലസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് രാം ഗോപാൽ വർമയ്ക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തിയത്.
2023 മെയ് 5ന് റിലീസ് ചെയ്ത ചിത്രമാണ് ദി കേരള സ്റ്റേറി. ചിത്രത്തിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപനം മുതല്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും സുദീപ്തോ സെൻ ആയിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടെ ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചതും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി എന്നിവരായിരുന്നു സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഫെബ്രുവരി 16ന് ചിത്രം സീ 5ലൂടെ ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]