
യുവനിരയിലെ പ്രതിഭാധനരായ താരങ്ങള്‍ക്കും മറുഭാഷകളില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കുന്ന കാലമാണ് ഇത്. ലഭിക്കുന്ന അവസരം നന്നായി പ്രയോജനപ്പെടുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അത്തരത്തില്‍ ലഭിക്കുകയും ചെയ്യും. മലയാളത്തിലെ യുവതാരനിരയില്‍ അത്തരത്തില്‍ ഒരാളാണ് റോഷന് മാത്യു. പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ സിരീസുകളിലും ഹിന്ദി അടക്കമുള്ള സിനിമകളിലും റോഷന് ഇതിനകം അഭിനയിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസും ഹിന്ദിയില്‍ നിന്നാണ്.
സുധാന്‍ഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രം ഉലഝ് ആണ് അത്. ജാന്‍വി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ റോഷന് മാത്യുവും ഗുല്‍ഷന്‍ ദേവയ്യയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദില്‍ ഹുസൈന്, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി, സാക്ഷി തല്‍വാര്‍ എന്നിങ്ങനെയുള്ള താരനിരയും അണിനിരന്നിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ റിലീസ് ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം 1.15 കോടിയാണ് ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. ശനിയാഴ്ച ഇതില്‍ വര്‍ധനവ് ഉണ്ടാവുമെന്നും സാക്നില്‍ക് പ്രവചിക്കുന്നുണ്ട്. വന്‍ താരനിര ഇല്ലാത്ത ചിത്രമെന്ന നിലയില്‍ ഇപ്പോഴത്തെ ബോളിവുഡിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട കളക്ഷനായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
അതേസമയം റോഷന് മാത്യുവിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഉലഝ്. നെറ്റ്ഫ്ലിക്സിന്റെ ഡയറക്ട് റിലീസ് ആയിരുന്ന ചോക്ക്ഡ് ആയിരുന്നു അദ്ദേഹത്തിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം. ഡാര്ലിംഗ്സ് എന്ന മറ്റൊരു ചിത്രവും പിന്നീട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]