
സമീപകാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി പ്രേക്ഷകപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളാണ് റീമാസ്റ്റര്‍ ചെയ്തു തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയത്. അപ്പോഴെല്ലാം മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്തയ്ക്ക് ഇപ്പോള്‍ ജീവന് വയ്ക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. ആധുനിക സാങ്കേതികവിദ്യയായ 4k ഡോള്‍ബി അറ്റ്മോസിലൂടെ വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത ദൃശ്യാനുഭവം ആധുനിക സാങ്കേതികവിദ്യകളിലൂടെ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു കാഴ്ചാനുഭവം തന്നെ നല്കുമെന്നതില് സംശയമില്ല.
ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഇവരുടെ ഗംഗ, ഡോ.സണ്ണി ജോസഫ്, നകുലന്, എന്നീ കഥാപാത്രങ്ങള്‍ മലയാളി പ്രേഷകരുടെ മനസ്സില്‍ എന്നും വേരോടി നില്‍ക്കുന്നതാണ്.
സിനിമ റീ റിലീസിന് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശോഭന പറഞ്ഞു.
”പലരും പറയാറുണ്ട് ഈ സിനിമ 100 തവണ കണ്ടിട്ടുണ്ടെന്ന്. പുതിയ മാറ്റങ്ങളോടെ സിനിമ കാണുമ്പോള്‍ എന്നെ സംബന്ധിച്ച് അതൊരു ഗംഭീര അനുഭവമാണ്. ഈ അവസരത്തില്‍ ഫാസില്‍ സര് എന്ന ജീനിയസിനെക്കുറിച്ച് പറയാതെ സാധിക്കില്ല. കാലഹരണപ്പെടാത്ത സിനിമയാണിത്. ഏത് കാലത്തും പുതിയ അനുഭവമായിരിക്കും. എല്ലാവരും തിയേറ്ററില്‍ വന്നു കാണണം. ”
വ്യത്യസ്ത ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമ കൂടിയാണ് മണിച്ചിത്രത്താഴ്. തമിഴില്‍ രജിനികാന്ത്, ജ്യോതിക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘ചന്ദ്രമുഖി’ എന്ന പേരിലാണ് പുറത്തിറങ്ങിയത്. പി. വാസു സംവിധാനം ചെയ്ത ചിത്രം ഒരുപാട് മാറ്റങ്ങളോടെയാണ് നിര്‍മിക്കപ്പെട്ടത്. കന്നടയില്‍ ‘ആപ്തമിത്ര’ എന്ന പേരില്‍ പി. വാസു തന്നെ റീമേക്ക് സംവിധാനം ചെയ്തു. സൗന്ദര്യയായിരുന്നു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഹിന്ദിയില്‍ പ്രിയദര്ശന് ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ വിദ്യാ ബാലനെ നായികയാക്കി റീമേക്ക് ഒരുക്കി.
ശോഭനയുടെ നാഗവല്ലിയുമായി ഈ സിനിമയിലെ കഥാപാത്രങ്ങളെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും താരം പ്രതികരിച്ചു. ”ചന്ദ്രമുഖിയും ആപ്തമിത്രയും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു എനിക്ക് പറയാനാകില്ല. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ കണ്ടിട്ടുണ്ട്. എല്ലാ റീമേക്കുകളും സൂപ്പര്‍ഹിറ്റായിട്ടുണ്ട്”- ശോഭന പറയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണിച്ചിത്രത്താഴ് റിലീസ് ചെയ്യുമ്പോള്‍ ഈ സിനിമയില്‍ അഭിനയിച്ച പകുതി താരങ്ങളും ഇന്ന് ജീവിച്ചിരുപ്പില്ല. അതോര്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖമുണ്ട്- ശോഭന കൂട്ടിച്ചേര്‍ത്തു.