
ഇന്നലെ രാത്രിയും നിർത്താതെ സൈന്യവും രക്ഷാപ്രവര്‍ത്തകരും ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിലായിരുന്നു. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകർക്കും ഉപകരണങ്ങള്‍ക്കും എത്തിചേരാന്‍ പാലത്തിന്റെ നിര്‍മ്മാണം അനിവാര്യമാണ്. ഇന്ന് ഉച്ചയോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരണ സംഖ്യ കൂടി വരികയാണ്. മരണസംഖ്യ 264 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സ്നിഫര്‍ ഡോഗുകളെയും ദുരന്ത മുഖത്ത് എത്തിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് ജെ എസ് സാജന്, റിജു ഇന്ദിര.

First Published Aug 1, 2024, 8:32 AM IST
ഇന്നലെ രാത്രിയോടെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ തന്നെ പുനരാരംഭിച്ചു. സൈന്യത്തോടൊപ്പമുള്ള ഡോഗ് സ്ക്വാഡ് നല്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാകും ഇന്നത്തെ രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുക. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

190 അടിയുള്ള ബെയ്‍ലിപാലമാണ് നിര്‍മ്മിക്കുന്നത്. ഇതിലൂടെ 24 ടണ്‍ ഭാരം വഹിക്കാനാകും. കൂടുതല്‍ ജെസിബികളും മറ്റ് രക്ഷാ ഉപകരണങ്ങളും അക്കരെ എത്തിക്കാന്‍ ഇത് സഹായകമാകും. രാത്രിയിലും നിര്‍ത്താതെയുള്ള ബെയ്ലി പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. ഉച്ചയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നും കരസേന പറയുന്നു. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിന്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്.
എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ. അതേസമയം രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്.
ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങിയത് കാര്യങ്ങള്‍ വീണ്ടും ദുഷ്ക്കരമാക്കി. രക്ഷാപ്രവര്‍ത്തകര്‍ പലപ്പോഴും വടത്തിന്റെ സഹായത്താലാണ് മറുകരയിലേക്ക് മാറുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോഗിച്ചു. കേരള പൊലീസിന്റെ കഡാവർ നായകളും തെരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐബോഡ് ഉപയോഗിക്കും.
രക്ഷാപ്രവർത്തനത്തിന് റിട്ട മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നാവികസേനയും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
ബെയ്ലിപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം ഊർജ്ജിതമാകും. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. മരണസംഖ്യ 264 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]