
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിലും തുടർ നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെയാണ് സിനിമാ പ്രവർത്തകർ ചിത്രീകരണം നടത്തിയത്.
സംഭവത്തിൽ നേരത്തെ പോലീസ് കേസെടുത്തിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്ജുന് അശോകന്, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞദിവസം കൊച്ചി എം.ജി റോഡില്‍ വെച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അര്ജുന് അശോകന്, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]