
‘‘എന്റെ വേദന ചിലർക്ക് ചിരിക്കാനുള്ള വക നൽകുന്നു…” -മിഴികളിൽ മറ്റാരുമറിയാത്ത ഒരായിരം വേദനകൾ ഒളിപ്പിച്ച് ചാർളി ചാപ്ലിൻ പറഞ്ഞ വാക്കുകൾ. ‘‘ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് അവന്റെ മിഴികളാണ്, അതാണ് കാഴ്ചയെ അനന്തതയോളം വേട്ടയാടുന്നത്…’’ -അഭിനയത്തെക്കുറിച്ച് ആന്റണി ഹോപ്കിൻസ് പറഞ്ഞ വാക്കുകൾ. മിഴി രണ്ടിലും അഭിനയത്തിന്റെ ആഴങ്ങൾ നിറച്ച ആസിഫ് അലിയെ കാണുമ്പോൾ പലപ്പോഴും ഈ വചനങ്ങൾ ഓർത്തുപോകും. ഉയരേയും കൂമനും ഒറ്റയും തലവനും കഴിഞ്ഞ് ലെവൽ ക്രോസ് എന്ന സിനിമയിലേക്കെത്തുമ്പോഴും ആസിഫ് അലിയുടെ മിഴികൾ പ്രേക്ഷകനെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ക്രൗൺ പ്ലാസ ഹോട്ടലിലെ കഫേയിലിരുന്ന് സംസാരിക്കുമ്പോൾ പലപ്പോഴും ആസിഫിന്റെ മിഴികൾ അതേ അനുഭവത്തിന്റെ തനിയാവർത്തനങ്ങളായിരുന്നു.
ജിത്തു ജോസഫ് സാറിനൊപ്പം കൂമൻ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവിടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അർഫാസിനെ പരിചയപ്പെടുന്നത്. ജിത്തു സാർ എന്ന ക്യാപ്റ്റൻ അനായാസം ഒരു സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ വലിയ പ്ലസ് പോയന്റുകളിലൊന്ന് അർഫാസിനെപ്പോലെയുള്ള വൈസ് ക്യാപ്റ്റന്മാരുടെ സാന്നിധ്യമാണ്. ജിത്തു ജോസഫ് എന്ന ക്യാപ്റ്റൻ ബ്രില്യന്റായി എന്ത് ചിന്തിക്കുമെന്ന് ഒരു മിനിറ്റുമുൻപേ അർഫാസ് മനസ്സിലാക്കിയിട്ടുണ്ടാകും. അർഫാസിനൊപ്പം ഒരു സിനിമ ചെയ്യണ്ടേയെന്ന് എനിക്കു തോന്നി അത് അവനോട് ചോദിക്കാനിരിക്കുമ്പോഴാണ് അതിനും ഒരു മിനിറ്റ് മുൻപേ അവൻ എന്നോട് ഒരു കാര്യം ചോദിച്ചത്: ‘‘ഞാൻ ഒരു കഥ പറഞ്ഞാൽ കേൾക്കുമോ’’ എന്ന അർഫാസിന്റെ ചോദ്യംതന്നെയാണ് ലെവൽ ക്രോസ് എന്ന സിനിമയിലേക്കുള്ള എന്റെ വാതിലുകൾ തുറന്നത്. മുംബൈയിൽ താമസിക്കുന്ന അർഫാസ് ബോളിവുഡ് സ്റ്റൈലിലൊരു റൊമാന്റിക് കോമഡി കഥയാകും എന്നോട് പറയുകയെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, എന്നെ ഞെട്ടിച്ച ഒരു കഥയും അതിന്റെ അവതരണവും അർഫാസ് ഭംഗിയായി നിർവഹിച്ചപ്പോൾ മറ്റൊന്നും എനിക്ക് ആലോചിക്കാനുണ്ടായിരുന്നില്ല. വൈസ് ക്യാപ്റ്റനായിരുന്ന അർഫാസ് ക്യാപ്റ്റനായ സിനിമ എത്ര മികച്ചതാകുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
ഏകാന്തനായ രഘു
ഏകാന്തനായി ജീവിക്കുന്ന രഘു എന്ന കഥാപാത്രത്തെയാണ് ഞാൻ ലെവൽക്രോസിൽ അവതരിപ്പിക്കുന്നത്. അർഫാസുമായി ആദ്യമായി സംസാരിക്കുന്ന സമയത്തുതന്നെ സിനിമയുടെ പ്രീ പ്രൊഡക്ഷനും ഡീറ്റയിലിങ്ങും ലുക്കിന്റെ ഏകദേശ രൂപവുമൊക്കെ അവൻ ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. ഗെറ്റപ്പ് വളരെ വ്യത്യസ്തമായിരിക്കണമെന്ന് കരുതിയപ്പോഴും അത് ഒരു ഫാൻസി ഡ്രസ് ആയിപ്പോകരുതെന്ന നിർബന്ധവുമുണ്ടായിരുന്നു. രഘുവിന്റെ ലുക്കിനായി മൂന്നാല് വേഷങ്ങൾ ചെയ്തു നോക്കിയശേഷമാണ് അതിൽ ഒന്ന് തിരഞ്ഞെടുത്തത്. ഒറ്റയ്ക്ക് ജീവിക്കുന്ന രഘു എന്ന കഥാപാത്രമായി മാറാൻ ഞാൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. കാരണം ഞാൻ വ്യക്തിപരമായി അതിൽ നേരെ തിരിച്ചുള്ള ഒരു സ്വഭാവക്കാരനാണ്. കുടുംബവും സുഹൃത്തുക്കളും ഷൂട്ടിങ്ങും ഒക്കെയായി എപ്പോഴും ആരെങ്കിലുമൊക്കെ കൂടെയുള്ള ഒരാളാണ് ഞാൻ. ഒരാൾ ഒറ്റയ്ക്കിരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് പഠിക്കാനാണ് രഘുവിലൂടെ ഞാൻ ആദ്യം ശ്രമിച്ചത്.
ഋതുവിൽനിന്നുള്ള ക്രോസ്
ഋതു എന്ന സിനിമയിലൂടെ 15 വർഷംമുൻപ് വെള്ളിത്തിരയിലേക്ക് വരുമ്പോൾ എനിക്ക് 23 വയസ്സായിരുന്നു. 23-കാരനിൽനിന്ന് 38-കാരനിലേക്കെത്തുമ്പോൾ ഒരു മനുഷ്യനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും എനിക്കും സംഭവിച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രായംവരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ പ്രായവും പക്വതയുമെല്ലാം സ്വാഭാവികമായും എന്റെ ഇഷ്ടങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പക്വതയും അനുഭവവും കൈവന്നപ്പോൾ എന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. ഏത് സിനിമയുടെ ക്ഷണം വന്നാലും അതിൽ ഏത് തിരഞ്ഞെടുക്കണമെന്നത് എന്റെമാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്. അത് മറ്റാർക്കും ഞാൻ നൽകിയിട്ടില്ലാത്തതിനാൽ അത് പരാജയമായാൽ എന്റെമാത്രം പ്രവൃത്തിയുടെ ഫലമാണെന്ന് കരുതാനാണ് എനിക്കിഷ്ടം.
അമലയും ഷറഫുവും
ലെവൽ ക്രോസ് എന്ന സിനിമയിൽ എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് അമലയുടെയും ഷറഫുവിന്റെയും സാന്നിധ്യമാണ്. വർഷങ്ങൾക്കുശേഷമാണ് ഞാൻ അമലപോളുമൊത്ത് ഒരു സിനിമ ചെയ്യുന്നത്. 2011-ൽ ഞങ്ങൾ ഒരുമിച്ച് ഇത് നമ്മുടെ കഥ എന്നൊരു സിനിമ ചെയ്തിരുന്നു. അമല എന്ന നടിയുടെ വളർച്ചയും മനോഹരമായ കഥാപാത്രങ്ങളും കണ്ട ഒരാളെന്ന നിലയിൽ അമലയ്ക്കൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഷറഫുദ്ദീൻ എന്നെപ്പോലെത്തന്നെ ഒരാളാണ്. അവനുമൊത്തുള്ള അഭിനയം ഞങ്ങളുടെ സൗഹൃദംപോലെത്തന്നെ രസകരമാണ്. ഇമേജ് കോൺഷ്യസ് ഒന്നുമില്ലാതെ ഏതു കഥാപാത്രങ്ങളെയും അതിന്റെ മെറിറ്റിൽ മാത്രം സമീപിക്കുന്ന ഒരാളാണ് ഷറഫു. അതുകൊണ്ടുതന്നെ ഷറഫുമൊത്തുള്ള അഭിനയം ലെവൽ ക്രോസ് എന്ന സിനിമയിലും മികച്ച അനുഭവം തന്നെയാണ് എനിക്ക് സമ്മാനിച്ചത്.
പ്രതീക്ഷകൾ അവസാനിക്കുന്നില്ല
ലെവൽ ക്രോസ് തിയേറ്ററിലെത്തിയതിനു പിന്നാലെ അഡിയോസ് അമിഗോ എന്ന എന്റെ പുതിയ സിനിമയും റിലീസാകുകയാണ്. നഹാസ് നാസർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിനൊത്താണ് ഞാൻ അഭിനയിക്കുന്നത്. അടുത്തടുത്ത ആഴ്ചകളിൽ രണ്ട് സിനിമകൾ റിലീസാകുന്ന സന്തോഷത്തിനൊപ്പം ഏറെ പ്രതീക്ഷകളുമുണ്ട്. അപർണ ബാലമുരളിയുമൊത്ത് ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡമാണ് മറ്റൊരു സിനിമ. ഓരോ സിനിമ ചെയ്യുമ്പോഴും അതിൽ പരമാവധി വ്യത്യസ്തമായി എനിക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണ് ആ സിനിമയെ സമീപിക്കുന്നത്. സിനിമ എന്റെ ജീവിതമാകുമ്പോൾ ആ വിശ്വാസം തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിൽ ഒരിക്കലും എന്റെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]