
സ്വന്തം ലേഖിക
കോട്ടയം: ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജ ഭവൻ വീട്ടിൽ ശ്രീകണ്ഠൻ മകൻ വിഷ്ണു എസ് ( 25) നെയാണ് കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2018 മുതൽ കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും, വില കൂടിയ മൊബൈൽ ഫോണും, അനുബന്ധ സാധനങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇയാൾ 2018 ൽ സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി യുവാവിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും യുവാവുമായി ചങ്ങാത്തത്തിലാവുകയുമായിരുന്നു.
തുടർന്ന് യുവാവിന് യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നഗ്ന വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയും യുവാവിന്റെ നഗ്നഫോട്ടോ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഈ ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
യുവാവ് ഭീഷണിക്ക് വഴങ്ങി പണം അയച്ചു കൊടുത്തു കൊണ്ടേയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം 15 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെടുകയും, യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയുമായിരുന്നു.
ഇതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സൈബർ പോലീസ് സ്റ്റേഷന് നിർദ്ദേശം നൽകുകയായിരുന്നു.
സൈബർ പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഫേസ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി യുവാവാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനിടയില്‍ പണം നല്കാന് ഒരു ദിവസം താമസിച്ചതിനാല്‍ 20 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സൈബർ പോലീസ് യുവാവിനെ മുൻനിർത്തി 20 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രതിയെ കുടുക്കുകയായിരുന്നു.
തിരുവനന്തപുരം കിളിമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമീപം വച്ചാണ് പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. പോലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ വ്യാജ ഐഡി വഴി പല ആൾക്കാരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് അവരുടെ നഗ്ന ഫോട്ടോ കൈക്കലാക്കി ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇയാളുടെ രീതി.
ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വർഗീസ് റ്റി. എം, കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ജഗദീഷ് വി. ആർ,എസ്.ഐ ജയചന്ദ്രൻ, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ മാരായ രാജേഷ് കുമാർ, ജോർജ് ജേക്കബ്, അജിതാ പി. തമ്പി,സതീഷ് കുമാർ, ജോബിൻസ്, അനൂപ്, സുബിൻ, കിരൺ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
The post ഓൺലൈൻ വഴി ഹണിട്രാപ്പ്; നഗ്ന വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി; യുവാവിൽ നിന്ന് തട്ടിയെടുത്തത് പന്ത്രണ്ട് ലക്ഷം രൂപ; നെയ്യാറ്റിൻകര സ്വദേശി കോട്ടയം സൈബർ പോലീസിൻ്റെ പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]