
ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള് കാത്തിരിക്കേണ്ടി വരും.
2009 ഡിസംബറിൽ കാണാതായ മാന്നാർ എരമത്തൂർ സ്വദേശി കലയുടെത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. കലയുടെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. ഒന്നാം പ്രതി അനിൽകുമാറിനെ ഇതുവരെ ഇസ്രയേലിൽ നിന്ന് നാട്ടിൽ എത്തിക്കാനായില്ല. റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ കൂടി ചേർത്ത് പുതിയ അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചു. അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
കേസിൽ, അറസ്റ്റിലായ അനിൽകുമാറിന്റെ ബന്ധുക്കൾ കൂടിയായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒൻപത് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധനഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിശോധന ഫലം ലഭിക്കാൻ ഇനിയും ഏറെ കാത്തിരിക്കണം. പതിനഞ്ചു വർഷം മുൻപ് നടന്ന കൊലപാതകമായതിനാൽ തെളിവ് ശേഖരണം വെല്ലുവിളി നിറഞ്ഞതാണ്. ഇതിനിടെയാണ് മറ്റു തിരിച്ചടികൾ എന്നതും അന്വേഷണത്തെ കുഴക്കുന്നു.
Last Updated Jul 29, 2024, 7:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]