
ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയിൽ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങി. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പിൽ അകപ്പെട്ട ഒരാൾ തലനാരിഴയ്ക്കാണ് ആക്രമണമേൽക്കാതെ രക്ഷപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി
പീരുമേട്ടിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം ഭീതി പടർത്തുന്നതിനിടെയാണ് കരടിയിറങ്ങിയത്. പീരുമേട് ടൗണിൽ അഗ്നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തൻപറമ്പിൽ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. പുറത്തേക്കിറങ്ങിയ രാജൻ ആക്രമണമേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കരടി കൃഷിയിടത്തിൽ ഒളിച്ചു.
തുടർന്ന് മുറിഞ്ഞപുഴയിൽ നിന്ന് വനം വകുപ്പ് സംഘവും പീരുമേട് ആർആർടി സംഘവും സ്ഥലത്ത് പരിശോധന നടത്തി. കാൽപ്പാടുകളുൾപ്പെടെ കരടിയുടെതെന്ന് കണ്ടെത്തി പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ക്യാമറ വഴി കരടിയുടെ സഞ്ചാരം നിരീക്ഷിക്കാനുളള നടപടിയും തുടങ്ങി. ആവശ്യമെങ്കിൽ കൂട് ഉടനെ സ്ഥാപിക്കും.
നേരത്തെ പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയിറങ്ങിയിരുന്നു. നിലവിൽ പീരുമേട് ടൗണിന് സമീപം കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുളളതിനാൽ നാട്ടുകാർ അതീവ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Last Updated Jul 29, 2024, 8:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]