
തിരുവനന്തപുരം: കോവളം -കാരോട് ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ റോഡിലെ ഡി വൈഡറിൽ ഇടിച്ച് എതിർ വശത്തേക്ക് തെറിച്ച് വീണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. കാർ യാത്രികർ നേരിയ പരിക്കോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം മുക്കോല മുല്ലൂർ എൽ.വി. സദനത്തിൽ ദിപിൻ വിദ്യാധരൻ (43) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ബെെപാസിൽ വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപമായിരുന്നു അപകടം.
ആലപ്പുഴയിലെ സെൻ്ററിൽ പി.എസ്. സി പരീക്ഷ എഴുതാൻ വെള്ളറടയിൽ നിന്ന് ബൈപ്പാസ് വഴി പുറപ്പെട്ട മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് അപകടം സൃഷ്ടിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ ഡി വൈഡറിൽ ഇടിച്ച് മൂന്ന് പ്രാവശ്യം മറിഞ്ഞ് തെറിച്ച് എതിർവശത്ത് കൂടി നടക്കുകയായിരുന്ന ദിപിന് മേൽ പതിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദിപിനെ ആംബുലൻസിൽ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ജീവനക്കാരനാണ്. കോവളം വരെയുള്ള പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ദിപിൻ അപകടത്തിൽ പെട്ടത്. റിട്ട: ഡി.എച്ച്.എസ് ജീവനക്കാരനായിരുന്ന പിതാവ് വിദ്യാധരൻ മരണപ്പെട്ട് 21 -ാം ദിവസമാണ് ഇളയ മകനായ ദിപിനെ വിധി തട്ടിയെടുത്തത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റി ജീവനക്കാരിയായ ഭാര്യ ചിത്ര വീട്ടിൽ എത്തിയ ശേഷം ഇന്ന് ഉച്ചക്ക് 12 ന് മുട്ടത്തറ ശാന്തികവാടാത്തിൽ മൃതദേഹം സംസ്കരിക്കും. മാരായമുട്ടം ഗവ:ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി ദിപിൻ ഏക മകളാണ്. മാതാവ് രജിസ്ട്രാർ ഓഫീസ് റിട്ട : സൂപ്രണ്ട്, പുഷ്പ ലീല, ആരോഗ്യ വകുപ്പ് ജീവനക്കാരൻ വിപിൻ സഹോദരൻ.
Last Updated Jul 28, 2024, 10:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]