
സ്കൂളിൽ പോകാൻ വയ്യെന്ന് വാശിപിടിച്ചുകരഞ്ഞ കൊച്ചുമകനെ ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്.
സൗന്ദര്യയുടെ മകൻ വേദിനെ സ്കൂളിലാക്കാൻ പോവുന്ന രജനികാന്തിനെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണാനാവുക. ‘‘ഇന്ന് രാവിലെ എന്റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും,’’ സൗന്ദര്യ കുറിച്ചു.
ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്. സ്കൂളിൽ പോകാൻ മടിയോടെതന്നെ വണ്ടിയിലിരിക്കുന്ന വേദിനെയാണ് ഒരു ചിത്രത്തിൽ കാണാനാവുക. തങ്ങളുടെ ക്ലാസിലേക്ക് രജനികാന്ത് വന്ന അമ്പരപ്പിലിരിക്കുന്ന കുരുന്നുകളാണ് അടുത്ത ചിത്രത്തിലെ ഹൈലൈറ്റ്.
അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് രജനികാന്ത് ഇപ്പോൾ. ജയ് ഭീമിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് റിലീസ് കാത്തിരിക്കുന്ന പ്രധാന രജനി ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് സൂപ്പർ താരത്തിന്റേതായി അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മറ്റൊരു ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]