
റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനുപിറകേ ഒന്നായി പരാജയപ്പെടുന്ന അവസ്ഥയാണിപ്പോൾ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്. ഒടുവിൽ പുറത്തിറങ്ങിയ സർഫിറയും പരാജയം തന്നെയാണ്. തുടർപരാജയങ്ങളേക്കുറിച്ച് ഒരഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാവുകയാണ്. ഒരു സിനിമയുടെ വിധി തന്റെ കൈകളിലല്ല എന്നാണ് അക്ഷയ് പറഞ്ഞത്.
ഫോബ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ച് അക്ഷയ് കുമാർ സംസാരിച്ചത്. തന്റെ കരിയറിൽ മുൻപ് നേരിട്ട സമാന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് 16 ചിത്രങ്ങളാണ് തുടർച്ചയായി ബോക്സോഫീസിൽ കാലിടറി വീണത്. ഓരോ സിനിമയുടെ പിന്നിലും ഒരുപാട് ചോരയും വിയർപ്പും ആവേശവുമുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.
“ഏത് ചിത്രം പരാജയപ്പെടുന്നത് കണ്ടാലും ഹൃദയം തകരും. പക്ഷേ അതിൽ നിന്ന് നല്ല പാഠം പഠിക്കേണ്ടതുണ്ട്. ഓരോ പരാജയവും വിജയത്തിന്റെ മൂല്യമെന്താണെന്ന് കാട്ടിത്തരും. കൂടാതെ വിജയിക്കാനുള്ള പ്രത്യാശയുമുണ്ടാക്കും. ഭാഗ്യവശാൽ ഇത്തരം കാര്യങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന് ഞാൻ കരിയറിൽ നേരത്തേതന്നെ പഠിച്ചിരുന്നു. പരാജയങ്ങൾ വേദനിപ്പിക്കുകയും നിങ്ങളിൽ ആഘാതമുണ്ടാക്കുകയുംചെയ്യും. കഠിനാധ്വാനം ചെയ്യുക, ഒരു തോൽവിക്ക് പ്രായശ്ചിത്തമായി അടുത്ത ചിത്രത്തിനുവേണ്ടി എല്ലാം നൽകുക എന്നിവയൊഴികെ ബാക്കിയൊന്നും നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. അങ്ങനെയാണ് ഞാൻ എൻ്റെ ഊർജം നിലനിർത്തി അടുത്തതിലേക്ക് നീങ്ങാൻ ശ്രമിക്കുന്നത്. അതുവഴി എൻ്റെ ഊർജം ഏറ്റവും പ്രാധാന്യമുള്ളിടത്ത് കേന്ദ്രീകരിക്കുകയും ചെയ്യുന്നു.” അക്ഷയ് കുമാർ പറഞ്ഞു.
അച്ചടക്കവും ജോലിയിലെ നൈതികതയുമാണ് തന്റെ ഏറ്റവും വലിയ ശക്തി. ടൈം ടേബിൾ അനുസരിച്ചാണ് ജോലിചെയ്യാറുള്ളത്. ഉറങ്ങുന്നതും കഴിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം നിശ്ചിതസമയത്താണ്. വർഷങ്ങളായി ഈ ചിട്ട പിന്തുടരുന്നു. അതുവഴി മാനസികമായും ശാരീരികമായും ആരോഗ്യത്തോടെയിരിക്കുന്നു. ഇത് സിനിമാമേഖലയിൽ നിലനിൽക്കുന്നതിന് നിർണായകപങ്ക് വഹിച്ചിട്ടുമുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്നാണ് പ്രചോദനം ലഭിക്കുന്നത്. നിരവധി പേർക്ക് ഉപജീവനമാർഗമായ സിനിമകൾ നിർമ്മിക്കുന്നത് തുടരും. കൂടാതെ, ആരാധകരിൽ നിന്നുള്ള പിന്തുണയും സ്നേഹവും ഈ യാത്രയിൽ തൻ്റെ അഭിനിവേശവും പ്രതിബദ്ധതയും വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് സിനിമാവ്യവസായത്തിൻ്റെ ചലനാത്മകതയെ മാറ്റിമറിച്ചുവെന്നതിൽ സംശയമില്ല. പ്രേക്ഷകർ അവർക്ക് കാണാനുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്നതും പ്രത്യേകമായി എന്തെങ്കിലുമൊക്കെ വാഗ്ദാനംചെയ്യുന്നതുമായ സിനിമകൾ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഞാൻ ഉള്ളടക്കത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാണ്. സിനിമ എന്നത് വിനോദം മാത്രമല്ല, പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും ചെയ്യുന്ന കഥകൾ കണ്ടെത്തുകകൂടിയാണ്- അക്ഷയ് കുമാർ വ്യക്തമാക്കി.
ഖേൽ ഖേൽ മേം ആണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ പ്രഖ്യാപിക്കപ്പെട്ടത്. തപ്സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ആദിത്യ സീൽ, പ്രഗ്യാ ജയ്സ്വാൾ, ഫർദീൻ ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]