
ഷിംല: കങ്കണ റണാവത്തിന്റെ മണ്ഡിയിലെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. തുടർന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു. കിന്നൗർ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. തന്റെ നാമനിർദേശ പത്രിക അന്യായമായി നിരസിച്ചെന്നാണ് പരാതി. അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് ജ്യോത്സന റേവാൾ, ഓഗസ്റ്റ് 21-നകം മറുപടി നൽകണമെന്ന് കങ്കണയോട് ആവശ്യപ്പെട്ടു.
വനം വകുപ്പിലെ മുൻ ജീവനക്കാരനായ ലായക് റാം നേഗിയാണ് പരാതിക്കാരൻ. റിട്ടേണിംഗ് ഓഫീസറായിരുന്ന മണ്ഡിയിലെ ഡെപ്യൂട്ടി കമ്മീഷണർ തന്റെ നാമനിർദേശ പത്രിക ഒരു കാരണവുമില്ലാതെ നിരസിച്ചെന്നാണ് പരാതി. നേരത്തെ ജോലിയിൽ നിന്ന് വിരമിച്ച നേഗി മെയ് 14നാണ് പത്രിക സമർപ്പിച്ചത്. വൈദ്യുതി, വെള്ളം, ടെലിഫോൺ വകുപ്പുകളിൽ നിന്ന് ‘നോ ഡ്യൂ സർട്ടിഫിക്കറ്റ്’ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർ ഒരു ദിവസം അനുവദിച്ചു, മെയ് 15ന് ഇവ സമർപ്പിച്ചപ്പോൾ റിട്ടേണിംഗ് ഓഫീസർ സ്വീകരിച്ചില്ലെന്നും പത്രിക തള്ളിയെന്നുമാണ് പരാതി.
തന്റെ പത്രിക സ്വീകരിച്ചിരുന്നെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നു എന്നാണ് ലായക് റാം നേഗിയുടെ അവകാശവാദം. കങ്കണയുടെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നേഗി പത്രിക സമർപ്പിച്ചത്. മാണ്ഡി ലോക്സഭാ സീറ്റിൽ കങ്കണ റണാവത്ത് 5,37,002 വോട്ടുകൾ നേടി. എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്.
Last Updated Jul 25, 2024, 8:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]