
ബീജിങ്: ചാങ്ഇ-5 ദൗത്യം കൊണ്ടുവന്ന ചന്ദ്രോപരിതലത്തിലെ മണ്ണിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) അറിയിച്ചു. ബീജിംഗ് നാഷണൽ ലബോറട്ടറി ഫോർ കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഓഫ് സിഎഎസ്, മറ്റ് ആഭ്യന്തര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഗവേഷകർ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ജൂലൈ 16-ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള നേച്ചർ അസ്ട്രോണമി ജേണലിൽ ഫലം പ്രസിദ്ധീകരിച്ചുവെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2020-ൽ ചാങ് ഇ -5 ദൗത്യം ഭൂമിയിൽ നിന്ന് കാണാത്ത ചന്ദ്രന്റെ മറുഭാഗത്തുനിന്ന് എത്തിച്ച മണ്ണിലാണ് ചൈനീസ് ശാസ്ത്രജ്ഞർ ജലാംശം കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് ചാങ് ഇ-5 ദൗത്യം അവസാനിപ്പിച്ചത്.
2009-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-1 ബഹിരാകാശ പേടകം ചന്ദ്രൻ്റെ സൂര്യപ്രകാശമുള്ള പ്രദേശങ്ങളിൽ ഓക്സിജൻ്റെയും ഹൈഡ്രജൻ തന്മാത്രകളുടെയും രൂപത്തിൽ ജലാംശമുള്ള ധാതുക്കൾ കണ്ടെത്തിയിരുന്നു. നാസയുടെ മൂൺ മിനറോളജി മാപ്പർ (M3), ചന്ദ്രനിലെ ധാതുക്കളിൽ മൂടിയ ജലവും കണ്ടെത്തിയിരുന്നു. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ ക്ലാവിയസ് ഗർത്തത്തിൽ ജല തന്മാത്രകൾ കണ്ടെത്തിയെന്ന് നാസ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഉയർന്ന അക്ഷാംശ, ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള ചന്ദ്ര സാമ്പിളുകളിൽ ചന്ദ്ര ഹൈഡ്രജൻ്റെ ഉത്ഭവമോ യഥാർത്ഥ രാസ രൂപമോ നിർണ്ണയിക്കപ്പെട്ടിട്ടില്ലെന്നും നേച്ചർ ലേഖനം പറയുന്നു. ചാന്ദ്ര മണ്ണിനെക്കുറിച്ച് പഠിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞർ 1000-ലധികം ധാതു ക്ലാസ്റ്റുകൾ വേർതിരിച്ചു. അവയിൽ ജല തന്മാത്രകൾ അടങ്ങിയ ധാതു (ULM-1) എന്ന് വിളിക്കപ്പെടുന്ന പ്ലേറ്റ് പോലുള്ള സുതാര്യമായ ക്രിസ്റ്റൽ ഉണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
Last Updated Jul 25, 2024, 8:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]