
ബോളിവുഡിലെ മുതിർന്ന താരദമ്പതികളാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. അമിതാഭ് ബച്ചന്റെ പിതാവും കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചൻ ഈ വിവാഹത്തേക്കുറിച്ച് തന്റെ ആത്മകഥയായ ‘ആഫ്റ്റർനൂൺ ഓഫ് ടൈം: ആൻ ഓട്ടോബയോഗ്രഫി’യിൽ പറയുന്നുണ്ട്. ജയ-അമിതാഭ് വിവാഹത്തേക്കുറിച്ച് ഈ പുസ്തകത്തിൽ പറഞ്ഞ ഒരു വിവരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമിതാഭ് ബച്ചന്റെയും ജയാ ഭാദുരിയുടേയും വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്ന് പുസ്തകത്തിൽ പറയുന്നു. മലബാർ ഹിൽസിലെ സ്കൈലാർക്ക് ബിൽഡിങ്ങിന്റെ മുകൾവശത്തായിരുന്നു ചടങ്ങുകൾ നടന്നത്. വധൂവരന്മാരിലൊരാളുടെ സുഹൃത്താണ് ഈ സ്ഥലം ഏർപ്പാട് ചെയ്തത്. സഞ്ജയ് ഗാന്ധിയായിരുന്നു പങ്കെടുത്ത പ്രമുഖരിൽ ഒരാൾ. അതേസമയം അമിതാഭുമായുള്ള വിവാഹത്തിൽ ജയയുടെ വീട്ടുകാർക്ക് അത്ര സന്തോഷമുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്.
“ബംഗാളി ആചാരമനുസരിച്ച് വിവാഹച്ചടങ്ങുകൾ നടത്താനായിരുന്നു ജയയുടെ വീട്ടുകാരുടെ ആഗ്രഹം. അതിനോട് ഞങ്ങൾക്കും എതിരഭിപ്രായമില്ലായിരുന്നു. വരനെ പൂജിക്കുന്ന ചടങ്ങായിരുന്നു ആദ്യം. ഇതിന്റെ ഭാഗമായി ജയയുടെ പിതാവ് അമിതാഭിന്റെ വീട്ടിലേക്ക് ഉപഹാരങ്ങളുമായി വരികയും തുടർന്ന് ചെറിയൊരു ചടങ്ങും നടക്കും. ഞാൻ ഇതേ ചടങ്ങ് വധുവായ ജയയുടെ വീട്ടിലെത്തിയും ചെയ്യണം. ജയയുടെ വീട്ടിൽ ഞാനെത്തിയപ്പോൾ വളരെ അപ്രതീക്ഷിതമായിരുന്നു അവിടെനിന്ന് ലഭിച്ച സ്വീകരണം. ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല”, പുസ്തകത്തിൽനിന്നുള്ള വാക്കുകൾ.
അമിതാഭ് ബച്ചന്റെ ഹൽദി ചടങ്ങിനേക്കുറിച്ചും ആഫ്റ്റർനൂൺ ഓഫ് ടൈമിൽ പരാമർശിക്കുന്നുണ്ട്. ചടങ്ങിനെത്തിയ അയൽക്കാർ പോലും അവിടെ നടക്കുന്നത് അമിതാഭിന്റെ വിവാഹമാണെന്ന് മനസിലാക്കിയിരുന്നില്ല. അവിടത്തെ അലങ്കാരപ്പണികൾ എന്തിനാണെന്ന് അവരോട് കള്ളംപറയേണ്ടിവന്നു. അമിതാഭ് തന്റെ പുതിയ ചിത്രത്തിന്റെ ഒരു ഭാഗം വീട്ടിൽ ചിത്രീകരിക്കുന്നുണ്ടെന്നാണ് അയൽക്കാരോട് പറഞ്ഞത്. മണ്ഡപത്തിലെത്തിയപ്പോൾ അഭിനയമല്ലാത്ത, യഥാർഥത്തിലുള്ള നാണം ജയയുടെ മുഖത്ത് കാണാനിടയായി. ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ അമിതാഭിനെ പോലൊരു മരുമകനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമെന്ന് പറയാൻ ജയയുടെ അച്ഛനെ സമീപിച്ചു. പക്ഷേ തന്റെ കുടുംബം നശിച്ചു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും ഹരിവംശ് റായ് ബച്ചൻ എഴുതി.
51 വർഷത്തെ ദാമ്പത്യജീവിതമാണ് അമിതാഭ്-ജയ ദമ്പതികളുടേത്. ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മക്കൾ. നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. ഇവർക്ക് അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് മക്കൾ. നടി ഐശ്വര്യാ റായിയാണ് അഭിഷേക് ബച്ചന്റെ ഭാര്യ. ആരാധ്യയാണ് ഇവരുടെ മകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]