
മുംബൈ: ‘ബിഗ് ബോസ് ഒടിടി 3’ റിയാലിറ്റി ഷോയ്ക്ക് എതിരെ പരാതിയുമായി ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം. ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന പരിപാടിയിൽ പരസ്യമായി അശ്ലീലം കാണിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
ഷോ ഉടൻ നിർത്തിവെക്കണമെന്നും ബിഗ് ബോസിൻ്റെ അണിയറപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ശിവസേന എംഎൽഎ മനീഷ കയാണ്ഡെയാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 18-ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ മത്സരാര്‍ഥികളായ കൃതിക മാലിക്കിന്റെയും അർമാൻ മാലിക്കിന്റെയും കിടപ്പറ രംഗങ്ങള്‍ കാണിച്ചുവെന്നും ശിവസേന എംഎല്‍എ പറഞ്ഞു.
‘ബിഗ് ബോസ് 3 ഒരു റിയാലിറ്റി ഷോയാണ്. ഷൂട്ടിങ് നടക്കുകയാണ്. അവിടെ നടക്കുന്നത് അശ്ലീലമാണ് നടക്കുന്നത്, അത് ചിത്രീകരിച്ചിരിക്കുന്നു. ഷോയിൽ എല്ലാ പരിധികളും മറികടന്നിരിക്കുന്നു. അതിനാൽ ഞങ്ങൾ മുംബൈ പോലീസിനോട് നടപടിയെടുക്കാൻ അഭ്യർഥിക്കുകയും അവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോകളുടെ പേരിൽ ഇങ്ങനെ അശ്ലീലം പരസ്യമായി കാണിക്കുന്നത് എത്രത്തോളം ശരിയാണ്. അത് യുവമനസ്സുകളെ എങ്ങനെ സ്വാധീനിക്കും?. കുട്ടികൾ പോലും കാണുന്ന ഷോയാണിത്. ബിഗ് ബോസ് ഇനി ഒരു ഫാമിലി ഷോ അല്ല. അർമാൻ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചു. അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്’, മനീഷ കയാണ്ഡെ പരാതിയിൽ പറയുന്നു.
ഒടിടി ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിക്കാനുള്ള പദ്ധതിയുണ്ടെന്നും തങ്ങൾക്കുണ്ടെന്നും എംഎൽഎ മനീഷ കയാണ്ഡെ കൂട്ടിച്ചേർത്തു.
യൂട്യൂബർ അർമാൻ മാലികിന്റെ രണ്ടാം ഭാര്യയാണ് കൃതിക മാലിക്. ഇരുവരുടെയും ബിഗ് ബോസിലെ വീഡിയോ പുറത്തുവന്നത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഈ വീഡിയോ ഫേക്ക് ആണെന്ന് അഭിപ്രായപ്പെട്ട് അർമാൻ മാലികിന്റെ ആദ്യഭാര്യ പായലും രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]