
റിയാദ്: ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ ലോക ഇവൻറായ ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിൻറെ 56ാമത് പതിപ്പിന് റിയാദിൽ തുടക്കമായി. ജൂലൈ 21 മുതൽ 30 വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയടക്കം 90 രാജ്യങ്ങളിൽ നിന്നുള്ള 333 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷനും സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായും ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന കിങ് സഉൗദ് യൂനിവേഴ്സിറ്റിയും സർഗാത്മകതയ്ക്ക് വേണ്ടിയുള്ള നാഷനൽ ഏജൻസിയായ ‘മൗഹിബ’യും ചേർന്നാണ് ഇത്തവണത്തെ ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദിൽ ആതിഥേയത്വം ഒരുക്കുന്നത്.
സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (സാബിക്) സ്പോൺസർ ചെയ്യുന്ന ഒളിമ്പ്യാഡിൽ രസതന്ത്ര മേഖലയിലെ 260 ശാസ്ത്രജ്ഞരുടെയും ഈ മേഖലയിലെ വിദഗ്ധരുടെയും മേൽനോട്ടത്തിലും വിലയിരുത്തലിലുമാണ് മത്സരങ്ങൾ നടക്കുന്നത്. 35 സ്വർണമെഡലുകൾ, 70 വെള്ളി മെഡലുകൾ, 110 വെങ്കല മെഡലുകൾ, 10 പ്രശംസാപത്രങ്ങൾ എന്നിവയ്ക്കായുള്ള മത്സരങ്ങളുടെ അന്തിമഫലം ഈ മാസം 28ന് രാവിലെ 11ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വിദ്യാർഥികൾക്ക് വേണ്ടിയുള്ള രസതന്ത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരമാണ് ഈ വാർഷിക ശാസ്ത്ര മത്സരം.
Read Also –
1968ൽ ചെക്കോസ്ലോവാക്യയിലെ പ്രാഗിലാണ് കെമിസ്ട്രി ഒളിമ്പ്യാഡിന് തുടക്കം കുറിച്ചത്. അതിനുശേഷം ഓരോ വർഷവും വിവിധ രാജ്യങ്ങളിലായി ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നു. 10 ദിവസമാണ് ഒളിമ്പ്യാഡ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വർഷവും ഓരോ രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത്. 2004, 2005, 2008, 2009, 2010 വർഷങ്ങളിൽ നിരീക്ഷക റോളിലും 2006, 2007 വർഷങ്ങളിലും 2011 മുതൽ ഇതുവരെയും വിദ്യാർഥികളുമായും സൗദി അറേബ്യ ഒളിമ്പ്യാഡിൽ പങ്കെടുത്തിരുന്നു.
56ാമത് ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിന് സൗദി ആതിഥേയത്വം വഹിക്കുന്നത് അന്താരാഷ്ട്ര രംഗത്തെ സൗദി വിദ്യാർഥികളുടെ മികവ് പ്രതിഫലിപ്പിക്കുന്നു. വിവിധ ശാസ്ത്ര മേഖലകളിലെ മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം വർധിപ്പിക്കുന്നതുമാണ്.
Last Updated Jul 23, 2024, 6:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]