
സ്വന്തം ലേഖകൻ
കോട്ടയം: അർദ്ധരാത്രിയിൽ കോട്ടയം കൊല്ലാട് കളത്തിക്കടവിൽ റോഡരികിൽ മാലിന്യം തള്ളാൻ ശ്രമിച്ച സാമൂഹിക വിരുദ്ധ സംഘത്തെ അർദ്ധരാത്രിയിൽ വാഹനത്തിൽ സാഹസികമായി പിൻതുടർന്ന് പിടികൂടി ജില്ലാ പഞ്ചായത്തംഗവും പൊലീസും.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു കളത്തിക്കടവിൽ റോഡരികിൽ ടാങ്കർ ലോറിയിൽ എത്തിയ സംഘം മാലിന്യം തള്ളിയത്. ഈ സമയം കോട്ടയം നഗരത്തിൽ നിന്നും വീട്ടിലേയ്ക്ക് സ്വന്തം സ്കൂട്ടറിൽ വരികയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്. ഈ സമയത്താണ് റോഡരികിൽ മാലിന്യം തള്ളിയ വാഹനം വൈശാഖ് കണ്ടത്. ഇദ്ദേഹത്തെ കണ്ടതും മാലിന്യം തള്ളിയ സംഘം അതിവേഗം വാഹനം ഓടിച്ചു പോയി. എന്നാൽ, സംഘത്തെ സ്വന്തം സ്കൂട്ടറിൽ വൈശാഖ് പിൻതുടരുകയായിരുന്നു.
യാത്രയ്ക്കിടയിൽ തന്നെ വൈശാഖ് കോട്ടയം ഈസ്റ്റ് പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സദക്കത്തുള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ, വാകത്താനം ഭാഗത്തു വച്ച് അമിത വേഗത്തിൽ ലോറി സ്കൂട്ടറിനെ വെട്ടിച്ച് ഓടിച്ചു പോയി.
വാഹനത്തിന്റെ നമ്പർ ശേഖരിച്ച വൈശാഖ് ഞായറാഴ്ച രാവിലെ തന്നെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിന്റെ സഹായത്തോടെ ഉടമയെയും വാഹനം ഓടിച്ച ആളുകളെയും കണ്ടെത്തി. തുടർന്ന് ഇവരെ വിളിച്ചു വരുത്തി കളത്തിക്കടവിൽ തള്ളിയ മാലിന്യം പൂർണമായും വൃത്തിയാക്കിക്കാൻ നടപടി സ്വീകരിച്ചു. കോട്ടയം ഈസ്റ്റ് എസ്ച്ച്ഒ യു.ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാട്, നഗരസഭ അംഗം ജൂലിയസ് ചാക്കോ, ഇസ്റ്റ് സി.ഐ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കളത്തിക്കടവും പരിസരവും വൃത്തിയാക്കിയത്. പൊലീസ് നടപടികൾ പൂർത്തിയാക്കി മാലിന്യം തള്ളിയ സംഭവത്തിൽ വൈക്കം സ്വദേശികളായ സംഘത്തിൽ നിന്നും പിഴയും ഈടാക്കി.
The post അർദ്ധരാത്രിയിൽ കോട്ടയം കൊല്ലാട് കളത്തിക്കടവിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ സാമൂഹിക വിരുദ്ധ സംഘത്തിന്റെ വാഹനത്തെ സാഹസികമായി പിൻതുടർന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്; മാലിന്യം തള്ളിയ സംഘത്തെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് കണ്ടെത്തി റോഡ് വൃത്തിയാക്കിച്ച് ജില്ലാ പഞ്ചായത്തംഗവും പൊലീസും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]