
തൃശ്ശൂർ: ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന കൈരളി, ശ്രീ തിയേറ്ററുകൾ നവീകരണം പൂർത്തിയാക്കി ഒക്ടോബറിൽ തുറക്കും. ഒമ്പതുകോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് നടന്നത്. അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്ത 4കെ ലേസർ പ്രൊജക്ടർ, ബെൽജിയം നിർമിത സോഫാ ടൈപ്പ് ഇരിപ്പിടങ്ങൾ, കൂടുതൽപേർക്ക് ഇരിക്കാവുന്ന ലോബിയോടുകൂടിയ വിശ്രമമുറി, ഫീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങളാണുണ്ടാകുക.
സാങ്കേതികമികവോടുകൂടിയ രണ്ട് ഡിജിറ്റൽ ഡബ്ബിങ് സ്റ്റുഡിയോകളുണ്ടാകും. പരിഷ്കരിച്ച 32 പാനൽ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റമാണ് മറ്റൊരു ആകർഷണം. സാങ്കേതികതയും പുതുമയും ഇടകലർന്ന ഇന്റീരിയർ സംവിധാനമാണ് ഒരുക്കുക.
ടിക്കറ്റ് നിരക്കിൽ വലിയ വർധനയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അവസാന നാളുകളിൽ 105-120 രൂപ ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത്. ഇതിൽനിന്ന് വലിയ മാറ്റമുണ്ടാകില്ല.
കെ.എസ്.എഫ്.ഡി.സി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നവീകരിച്ച തിയേറ്റർ സമുച്ചയം അടുത്തിടെ തുറന്നിരുന്നു. അതിന് സമാനമായ സൗകര്യങ്ങളാണ് തൃശ്ശൂരിലും ഒരുക്കുന്നത്.
നവീകരണത്തിനുവേണ്ടി തയ്യാറാക്കിയ ഡ്രോയിങ്ങിലെ പോരായ്മ കാരണമാണ് തൃശ്ശൂരിലെ തിയേറ്റർ സമുച്ചയം വീണ്ടും തുറക്കാൻ വൈകിയത്. സ്വകാര്യ കമ്പനി തയ്യാറാക്കിയ പ്ലാൻ കെ.എസ്.എഫ്.ഡി.സി.ക്ക് സ്വീകാര്യമായില്ല. പിന്നീട് ചലച്ചിത്രവികസന കോർപറേഷന്റെ എൻജിനീയർമാർത്തന്നെ നവീകരണച്ചുമതല ഏറ്റെടുത്തു. തദ്ദേശവകുപ്പിന്റെ അംഗീകാരം നേടിയെടുക്കുന്നതിലും കാലതാമസമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]