
ബംഗളൂരു: ലോകായുക്ത റെയ്ഡിനിടെ സ്വര്‍ണം നിറച്ച ബാഗ് അയല്‍ വീട്ടിലേക്ക് എറിഞ്ഞ് രക്ഷപെടാൻ നോക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ. ബംഗളൂരുവിലെ എച്ച്ആർബിആര്‍ ലേഔട്ടിലാണ് സംഭവം. രണ്ട് കിലോ സ്വര്‍ണമടങ്ങിയ ബാഗ് ലോകായുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. രാവിലെ 6.30 ഓടെ ലോകായുക്ത പൊലീസ് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അഥർ അലിയുടെ വസതിയിൽ റെയ്ഡ് നടത്താൻ എത്തിയതായിരുന്നു.
ഉദ്യോഗസ്ഥർ മുട്ടിയപ്പോൾ വീടിന്റെ വാതിൽ തുറന്നു. എന്നാല്‍, കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് ചെയ്യാൻ എത്തിയതാണെന്ന് പറഞ്ഞതോടെ വീടിന്റെ വാതിൽ വേഗം അടയ്ക്കുകയായിരുന്നു. ഇതോടെ കാര്യമായ എന്തോ ഒളിപ്പിക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. വീടിന്റെ ചുറ്റും ലോകായുക്ത പൊലീസ് നിലയുറപ്പിച്ചു. അയൽവാസിയുടെ വളപ്പിലേക്ക് എന്തോ അഥര്‍ അലി വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കാണുകയും ചെയ്തു.
അയൽവീട്ടിൽ ഉദ്യോഗസ്ഥർ നിലത്ത് ചിതറിക്കിടക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തി. തിടുക്കത്തിൽ ഒരു ഹാൻഡ്ബാഗിൽ വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ അഥര്‍ അലി സാധനങ്ങൾ ശരിയായി പായ്ക്ക് ചെയ്തിരുന്നില്ല. 25 ലക്ഷം രൂപ പണവും 2.2 കിലോ സ്വർണവും 4 കിലോ വെള്ളി വസ്തുക്കളും നാല് സ്ഥലങ്ങളും മൂന്ന് വീടുകളും ഉൾപ്പെടെ 8.6 കോടി രൂപയുടെ സ്വത്ത് അഥര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതായാണ് കണക്കാക്കുന്നതെന്ന് ലോകായുക്ത എസ്പി കൊന വംശി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദിച്ചതിന് ബംഗളൂരു സിറ്റി, റൂറൽ, തുംകുരു, ശിവമോഗ, യാദ്ഗിർ, മൈസൂരു എന്നിവിടങ്ങളിലെ ലോകായുക്ത റെയ്ഡുകളിൽ ലക്ഷ്യമിട്ട 12 സർക്കാർ ഉദ്യോഗസ്ഥരിലാണ് അഥര്‍ അലിയും ഉൾപ്പെടുന്നു.
Last Updated Jul 20, 2024, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]