
ദില്ലി: സ്പാനിഷ് പരിശീലകന് മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന് യോഗത്തിലാണ് നിലവിൽ ഐഎസ്എല്‍ ടീമായ എഫ്സി ഗോവയുടെ പരിശീലകൻ കൂടിയായ മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാര്‍ക്വേസിന്റെ നിയമനം. ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനുമായിരുന്നു മാര്‍ക്വേസ്.
ഐഎസ്എല്ലില്‍ എഫ് സി ഗോവയെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിന്റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മാര്‍ക്വേസിന് വലിയ പ്രതിഫലം നല്‍കാതെ തന്നെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് നിയോഗിക്കാനാവുമെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രതീക്ഷ.
ഐഎസ്എല്ലിലെ സഹ പരിശീലകരായ അന്റോണിയോ ലോപസ് ഹബാസിന്റെയും മോഹന്‍ ബഗാന് പരിശീലകനായ സഞ്ജോയ് സെന്നിന്റെയും വെല്ലുവിളി മറികടന്നാണ് മാര്‍ക്വേസ് ഇന്ത്യൻ പരിശീലകനാകുന്നത്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. വരുന്ന ഐഎസ്എല്ലില്‍ ഗോവ പരിശീലകനായി തുടരുന്ന മാര്‍ക്വേസ് അവസാന രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാകുമെന്നാണ് സൂചന.
2021-22 സീസണില്‍ ഹൈദരാബാദിന് ഐഎസ്എല്‍ കപ്പ് നേടിക്കൊടുത്ത മാര്‍ക്വേസ് അടുത്ത രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിലുമെത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവ പരിശീലകനായ മാര്‍ക്വേസ് ടീമിനെ മൂന്നാം സ്ഥാനത്തും എത്തിച്ചിരുന്നു. വലിയ പരിശീലകര്‍ക്ക് പിന്നാലെ പോവാതെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്ന പരിശീലകനെയാണ് ഫെഡറേഷന് നോക്കിയതെന്നും അതിനാലാണ് മാര്‍ക്വേസിനെ നിയമിച്ചതെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേ പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റാകും മാര്‍ക്വേസിന്റെ ആദ്യ വെല്ലുവിളിയെന്നാണ് കരുതുന്നത്. വിയറ്റ്നാമും ലെബനനുമാണ് ഇന്ത്യക്ക് പുറമെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
Last Updated Jul 20, 2024, 5:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]