
വെള്ളിത്തിരയിലും പുറത്തും പുതിയ ചർച്ചകൾ സൃഷ്ടിക്കുകയാണ് ഷങ്കർ – കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2. ജൂലൈ 12-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഇ-സേവ ജീവനക്കാർ. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.
ഇന്ത്യൻ 2-ലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാർ വിമർശനവുമായെത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു.
ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇ-സേവ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ദൈർഘ്യം 12 മിനിറ്റ് വെട്ടിക്കുറച്ചെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ചിത്രം റിലീസിനെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ദെെർഘ്യം കുറച്ചത്. ‘ഇന്ത്യൻ 2’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിൻ്റെ ദെെർഘ്യത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചകൾ നടത്തിയിരുന്നു.
200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിർമ്മാണ ചിലവ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യൻ 2-ന്റെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]