
പാരീസ്: പാരിസ് ഒളിംപിക്സ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ജിംനാസ്റ്റിക്സ് ടീം ക്യാപ്റ്റനെ പുറത്താക്കി ജപ്പാൻ. പുകവലിയും മദ്യപാനവും കണ്ടെത്തിയതിനെ തുടർന്നാണ് 19 കാരിയായ ഷോകോ മിയാതെ ജപ്പാൻ ടീമിൽ നിന്ന് പുറത്താക്കിയത്. മൊണാക്കോയിൽ പരിശീലനം നടത്തുന്ന ടീം ക്യാമ്പിൽ നിന്ന് ഷോകോയെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇന്ന് ജപ്പാനില്‍ തിരിച്ചെത്തിയ ഷോകോ അന്വേഷണം നേരിടേണ്ടിവരും.
ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുള്ള ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് താരമായ ഷോകോ കുറ്റസമ്മതം നടത്തിയെന്ന് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തില്‍ അസോസിയേഷന് ആരാധകരോട് മാപ്പു പറയുകയും ചെയ്തു. ജപ്പാനിലെ നിയമം അനുസരിച്ച് ഇരുപത് വയസ്സിൽ താഴയുള്ളവർ മദ്യപിക്കുന്നതും പുകവലിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ജൂലൈ 27 മുതൽ ഓഗസ്റ്റ് അഞ്ച് വരെയാണ് ജിംനാസ്റ്റിക്സ് മത്സരങ്ങൾ.
ഷോകോ പുറത്തായതോടെ ജപ്പാന്റെ ജിംനാസ്റ്റിക്സ് സംഘം നാലുപേരായി ചുരുങ്ങി. ഒളിംപിക്സില്‍ മികച്ച പ്രകടനം നടത്താനുള്ള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷോകോയെന്ന് ജപ്പാന് ജിംനാസ്റ്റിക്സ് പരിശീലകന് മുറ്റ്സുമി ഹാര്‍ദ പറഞ്ഞു. ഷോകോ കൂടി പിന്മാറിയതോടെ ഒളിംപിക്സില്‍ വനിതാ ജിംനാസ്റ്റിക്സില്‍ ജപ്പാന്റെ മെഡല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.
ജിംനാസ്റ്റിക്സില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ 1964ലാണ് ജപ്പാന് അവസാനമായി വനിതാ ജിംനാസ്റ്റിക്സ് സ്വര്‍ണം നേടിയത്. അതേസമയം പുരുഷ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്സില്‍ ജപ്പാന് ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
Last Updated Jul 19, 2024, 10:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]