
കണ്ണൂര്‍: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്കു. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഒരാൾപ്പൊക്കം വെള്ളമുള്ളിടത്താണ് ബസ് ഡ്രൈവർ കുട്ടികളെ ഇറക്കി വിട്ടത്.
സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്. അതിനിടെ കോഴിക്കോട് സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ചെക്യാട് പഞ്ചായത്തിലെ പുഴക്കലക്കണ്ടിയിലാണ് സംഭവം. പാറക്കടവ് ദാറുൽ ഹുദാ സ്കൂളിലെ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നു പോയത്.
എൽ.കെ.ജി, യു.കെ.ജി എൽ.പി ക്ലാസുകളിൽ നിന്നായി ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാരാണ് ബസ്സിൽ നിന്ന് പുറത്തിറക്കിയത്. കുട്ടികളെ മറ്റൊരു റോഡിലെത്തിച്ച് ബസിൽ കയറ്റിവിടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ജീപ്പ് വെള്ളകെട്ടിലൂടെ പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
നാദാപുരം സിസിയുപി സ്കൂളിലെ വിദ്യാർത്ഥികളുമായാണ് ജീപ്പ് ഡ്രൈവർ വെള്ളക്കെട്ടിലൂടെ അപകടകരമായി വാഹനമോടിച്ച് പോയത്. ജീപ്പ് രക്ഷിതാക്കൾ ഏർപ്പെടുത്തിയതാണെന്നും സ്കൂളിന് നേരിട്ട് ബന്ധമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ മലയോര മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നില്ല. മഴ കനത്തതോടെ പത്തരയക്കാണ് ചക്യോട് പഞ്ചായത്തിൽ അവധി പ്രഖ്യാപിച്ചത്.
Last Updated Jul 19, 2024, 11:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]