
കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് നാളെ (ജൂലൈ 19 വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്സി പരീക്ഷകളും നടക്കും. കളക്ടർ അവധി തീരുമാനം പ്രിൻസിപ്പൽമാർക്ക് വിട്ടു കൊടുത്തതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നാളത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി തീരുമാനം പ്രിൻസിപ്പൽമാർക്ക് നൽകിയതിൽ അധ്യാപകർക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഇതോടെ നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കനത്ത മഴയെ തുടർന്ന് അവധി നൽകിയിരിക്കുന്നത്. കണ്ണൂർ, വയനാട്, പാലക്കാട്എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്കും മാത്രം അവധിയാണ്. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതേസമയം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം പുഴകളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്.
നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
Last Updated Jul 18, 2024, 11:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]