
കഴിഞ്ഞ കുറച്ച് കാലമായി തമിഴ് സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയുണ്ട്, തങ്കലാൻ. വിക്രം നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിക്രം ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തുന്ന ചിത്രം ഇതിനോടകം തന്നെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധനേടി കഴിഞ്ഞു. റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘മിനിക്കി മിനിക്കി..’, എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഫെസ്റ്റിവൽ മൂഡിലുള്ള ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാർ ആണ്. ഉമ ദേവി വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിന്ദൂരി വിശാൽ ആണ്. പാർവതി തിരുവോത്തും വിക്രമും തമ്മിലുള്ള മികച്ച നൃത്തപ്രകടനങ്ങൾ കോർത്തിണക്കിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
2024 ജനുവരിയിലാണ് തങ്കലാന് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളുക ആയിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയറ്ററുകളില്‍ എത്തും. പാര്‍വതിക്കും വിക്രമിനും പുറമെ മാളവിക മോഹനൻ, പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “തങ്കലാൻ” കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനിൽപ്പാണ് കഥ.
Last Updated Jul 18, 2024, 3:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]