
പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ളവരുടെ കയ്യിൽനിന്ന് സമ്മാനം ലഭിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പിറന്നാൾദിനത്തിൽ സ്വപ്നതുല്യമായ ഒരു സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് കൊച്ചിയിലെ രണ്ടാംക്ലാസുകാരൻ മഹാദേവ്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയാണ് മഹാദേവിനെ ഞെട്ടിച്ചുകൊണ്ട് പിറന്നാൾ സമ്മാനം നൽകാനെത്തിയത്.
എറണാകുളം പനമ്പിള്ളിനഗറിലെ ഫ്ളാറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇതിന് തൊട്ടടുത്ത ഫ്ളാറ്റിലാണ് മഹാദേവും കുടുംബവും താമസിക്കുന്നത്. മഹാദേവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസമെന്ന് മനസിലാക്കിയ മമ്മൂട്ടി സമ്മാനവുമായി എത്തുകയായിരുന്നു. ഒരു കുഞ്ഞ് ലംബോർഗിനി കളിപ്പാട്ട കാറാണ് മമ്മൂട്ടി മഹാദേവിന് സമ്മാനിച്ചത്. സമ്മാനം നൽകിയതിനൊപ്പം കുട്ടിയെ ചേർത്തുപിടിക്കുകയും ചെയ്തു സൂപ്പർതാരം.
ഒരു ഗോൾഡൻ ഗിഫ്റ്റാണ് കിട്ടിയതെന്ന് മഹാദേവ് മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. എന്റെ പിറന്നാളാണെന്ന് ഞാൻ അങ്കിളിനോട് പറഞ്ഞു. അങ്കിളാണ് ഇക്കാര്യം മമ്മൂക്കയോടുപറഞ്ഞത്. മമ്മൂക്ക കൈതന്ന് ഹാപ്പി ബർത്ത്ഡേ എന്നു പറഞ്ഞു. ഫോട്ടോയുമെടുത്തു. കാർ ഭയങ്കര ഇഷ്ടമാണ്. പിറന്നാളിന് കാർ തന്നെ സമ്മാനമായി കിട്ടിയപ്പോൾ തുള്ളിച്ചാടാൻ തോന്നി. മമ്മൂക്കയുടെ വലിയ ആരാധകനാണ്. കണ്ണൂർ സ്ക്വാഡ് ആറുതവണ കണ്ടു. മഹാദേവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഹാദേവിന് മമ്മൂട്ടി പിറന്നാൾ സമ്മാനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണിപ്പോൾ. മമ്മൂട്ടി നൽകിയ സമ്മാനം തുറന്നുനോക്കുന്ന മഹാദേവിന്റെ ഞെട്ടലും എന്റെ മോനേ ലംബോർഗിനി എന്ന വാക്കുകളും വിവിധ സാമൂഹിക മാധ്യമ പേജുകളിൽ ശ്രദ്ധയാകർഷിക്കുകയാണ്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.