
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിൽ 25 കാരനായ ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമാകുന്നു. വിവാഹത്തിന്റെ അന്നാണ് ദേവപര്ധി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് യുവാവിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. പ്രതിഷേധത്തിനിടെ ചിലർ വസ്ത്രങ്ങൾ അഴിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ബന്ധുക്കളായ സ്ത്രീകൾ കലക്ട്രേറ്റിലും പ്രതിഷേധവുമായി എത്തി. ബലം പ്രയോഗിച്ചാണ് പൊലീസ് ബന്ധുക്കളെ നീക്കിയത്. ചിലർക്ക് പരിക്കേറ്റു. ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്ന് കുടുംബം പറഞ്ഞു. പൊലീസിന്റെ മർദ്ദനമേറ്റാണ് ദേവപർധി മരിച്ചതെന്ന് ഇവർ ആരോപിച്ചു.
ഞായറാഴ്ച സ്വന്തം വിവാഹ വേദിയിൽ നിന്നാണ് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ദേവപർധിയെയും അമ്മാവൻ ഗംഗാ റാമിനെയും കസ്റ്റഡിയിൽ എടുക്കുന്നത്. വരന്റെ വസ്ത്രമണിഞ്ഞ് നിൽക്കുമ്പോഴാണ് പൊലീസ് കൊണ്ടുപോയത്. പിന്നെ മൃതദേഹമാണ് വീട്ടുകാർ കാണുന്നത്. പിന്നാലെ വധുവും അമ്മായിയും പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ദേവ പരാതിപ്പെട്ടെന്നും ആദ്യം മയാന ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസ് പറയുന്നതനുസരിച്ച് ദേവ പർധിയ്ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഏഴ് ക്രിമിനൽ കേസുകളുണ്ട്. ഇരയുടെ കുടുംബം ആദ്യം ഭോപ്പാലിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികാരികളുടെ ഉറപ്പിന് ശേഷം മജിസ്ട്രേറ്റ് അന്വേഷണത്തിന് സമ്മതിച്ചു.
Last Updated Jul 16, 2024, 9:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]