
പാലക്കാട്: രാജിവെച്ച പാലക്കാട് ചാലിശേരി പഞ്ചായത്ത് പ്രസിഡൻ്റ് സ്വന്തം മുന്നണിയിലെ മറ്റൊരംഗത്തിനെതിരെ ആരോപണവുമായി രംഗത്ത്. മുസ്ലിം ലീഗ് സ്വതന്ത്രനായ രണ്ടാം വാർഡ് അംഗം വിജീഷിൽ നിന്നുമുള്ള നിരന്തര മാനസിക സമ്മർദ്ദമാണ് പഞ്ചായത്ത് അംഗ സ്ഥാനവും രാജിവെക്കാൻ കാരണമെന്ന് സന്ധ്യ പറഞ്ഞു. സന്ധ്യ രാജിവെച്ചതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയായി.
യുഡിഎഫ് ഭരിക്കുന്ന ചാലിശ്ശേരി പഞ്ചായത്ത് ആകെയുള്ള 15 ൽ എട്ട് സീറ്റ് നേടിയാണ് യുഡിഎഫ് പഞ്ചായത്ത് ഭരിച്ചത്. രണ്ടാം വാർഡിൽ നിന്നും ലീഗ് സ്വതന്ത്രനായി ജയിച്ച വിജീഷ് കുട്ടൻ്റെ പിന്തുണയോടെയായിരുന്നു ഭരണം. അവസാനത്തെ ഒരു വർഷം വിജീഷിന് പ്രസിഡൻ്റ് സ്ഥാനം നൽകാനായിരുന്നു ധാരണ. ഇതു പ്രകാരമാണ് സന്ധ്യ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്. എന്നാൽ സന്ധ്യ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിനൊപ്പം മെമ്പർ സ്ഥാനവും രാജിവെച്ചതോടെ ഭരണവും പ്രതിസന്ധിയിലായി. അതേസമയം വിജീഷിനെതിരെ കടുത്ത ആരോപണവുമായി സന്ധ്യ രംഗത്തെത്തി.
സന്ധ്യ മെമ്പർ സ്ഥാനം രാജിവെച്ചത് വ്യക്തിപരമെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. കാരണം വ്യക്തിപരമായ കാരണമാണെന്നും മറ്റൊന്നും വിശദീകരിച്ചില്ലെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉമ്മർ മൗലവി പ്രതികരിച്ചു. അതേസമയം, ഭരണം അനിശ്ചിതത്വത്തിലായതോടെ വരും ദിവസങ്ങളിൽ വേറിട്ട രാഷ്ട്രീയ ചരടുവലികളുടെ വേദിയായി ചാലിശ്ശേരി പഞ്ചായത്ത് മാറും.
Last Updated Jul 17, 2024, 7:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]