
വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് നൽകിയ ചൂടുചായ ദേഹത്ത് തെറിച്ചു എന്നാരോപിച്ച് യാത്രക്കാരിയായ യുവതി നൽകിയ പരാതിയിൽ എയർലൈനിനെതിരെ നിയമനടപടി. സംഭവത്തിൽ തനിക്ക് ഗുരുതരമായി പൊള്ളലേറ്റെന്നും അതിനാൽ എയർലൈൻ 12 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം.
ജെറ്റ്ബ്ലൂ യാത്രികയായ തഹ്ജന ലൂയിസാണ് പരാതിക്കാരി. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നിന്ന് കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലേക്കുള്ള വിമാന യാത്രക്കിടയിൽ തന്റെ ദേഹത്ത് ചൂട് ചായ തെറിച്ചു എന്നാണ് പരാതി. വിമാനത്തിൽ “ഫാസ്റ്റൺ സീറ്റ് ബെൽറ്റ്” എന്ന അടയാളം പ്രകാശിപ്പിച്ചിരിക്കെ സഹയാത്രികന് നൽകിയ ചൂടുള്ള ചായ തന്റെ ദേഹത്ത് തെറിച്ചുവെന്നും അപ്പോൾ തനിക്ക് ഗുരുതരമായി പൊള്ളലേറ്റു എന്നുമാണ് ഇവർ പറയുന്നത്.
ഇത് ചൂടുള്ള പാനീയങ്ങൾ വിളമ്പുന്നതിനുള്ള അപകടകരമായ സാഹചര്യമാണെന്ന് ലൂയിസ് വാദിക്കുന്നു. സഹയാത്രികന് നൽകിയ ചായ അമിതമായി ചൂടുള്ളതായിരുന്നുവെന്നും അത് തന്റെ നെഞ്ചിലും കാലുകളിലും വലതു കൈയിലും തെറിച്ച് ഗുരുതരമായി പൊള്ളലേറ്റു എന്നുമാണ് ഇവർ പറയുന്നത്. തനിക്കേറ്റ പരിക്ക് കണക്കിലെടുത്ത് എയർലൈൻ 1.5 മില്യൺ ഡോളർ (ഏകദേശം 12 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
യാത്രക്കിടയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവം തഹ്ജന ലൂയിസിനെ ശാരീരികമായും മാനസികമായും ഗുരുതരമായി ബാധിച്ചെന്നും അവരുടെ ദൈനംദിന ജോലികളെ അത് ബാധിച്ചു എന്നുമാണ് ലൂയിസിയുടെ അഭിഭാഷകൻ പറയുന്നത്. അതുകൊണ്ടുതന്നെ എയർലൈൻസിന്റെ ഭാഗത്ത് നിന്നും ന്യായമായ നഷ്ടപരിഹാരം നൽകുന്നതാണ് ഉചിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഉപഭോക്താവിൻ്റെ മേൽ ചൂടുള്ള പാനീയം വീണതിന് ഒരു കമ്പനി നിയമപരമായ പ്രശ്നങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം, 85 വയസ്സുള്ള ഒരു സ്ത്രീ മക്ഡൊണാൾഡ്സിനെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നു. റെസ്റ്റോറന്റിൽ നിന്നും ഓർഡർ ചെയ്ത കാപ്പി കുടിക്കാൻ ശ്രമിച്ചപ്പോൾ മൂടിയൂരി ദേഹത്ത് വീണ് പൊള്ളലേറ്റു എന്നായിരുന്നു ഇവരുടെ പരാതി. റെസ്റ്റോറൻറ് ജീവനക്കാർ സഹായിക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Last Updated Jul 16, 2024, 6:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]